കേരളത്തിൽ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരുന്ന ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
നാളെ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് എന്നീ നാല് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിലും മഴയുടെ സാന്നിധ്യം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
മറ്റന്നാൾ തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് ബാധകമായിരിക്കും. കൂടാതെ ഉത്രാട
ദിവസമായ വരുന്ന ഓഗസ്റ്റ് 25-ാം തീയതി എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് നാളെ മുതൽ ഓഗസ്റ്റ് 25 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇടിമിന്നൽ മനുഷ്യജീവിതത്തിനും മൃഗങ്ങൾക്കും വൈദ്യുത ശൃംഖലകൾക്കും വലിയ രീതിയിലുള്ള അപകടങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. കാർമേഘം കണ്ടുതുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
പ്രധാന മുൻകരുതൽ നിർദ്ദേശങ്ങൾ: * ഇടിമിന്നലിന്റെ ലക്ഷണം കണ്ടാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറാൻ ശ്രദ്ധിക്കുക. തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് മിന്നലേറ്റുള്ള അപകട
സാധ്യത വർദ്ധിപ്പിക്കും.
* കാറ്റും മിന്നലുമുള്ള സമയത്ത് വീടുകളുടെ ജനലുകളും വാതിലുകളും അടച്ചിടുക. ഭിത്തിയിലോ തറയിലോ തൊടാതെയിരിക്കാൻ പരമാവധി ശ്രദ്ധിക്കുക.
* ഇലക്ട്രിക് ഉപകരണങ്ങളുടെ പ്ലഗുകൾ ഊരി മാറ്റി വെയ്ക്കുക.
ഇടിമിന്നൽ ഉള്ളപ്പോൾ ടെലിഫോൺ ഉപയോഗം ഒഴിവാക്കേണ്ടതാണ്. എന്നാൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല.
* അന്തരീക്ഷം മേഘാവൃതമായിരിക്കുമ്പോൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ ടെറസുകളിലും തുറസായ സ്ഥലങ്ങളിലും കളിക്കുന്നത് കർശനമായി ഒഴിവാക്കുക.
* മരങ്ങളുടെ ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ മരച്ചുവടുകളിൽ പാർക്ക് ചെയ്യുന്നതും ഒഴിവാക്കണം.
യാത്രകളിൽ വാഹനത്തിനുള്ളിൽ ഇരിക്കുന്നതാണ് കൂടുതൽ സുരക്ഷിതം.
* കുളിക്കുന്നതും ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ പ്രവാഹം എത്താൻ സാധ്യതയുണ്ട്.
* ജലാശയങ്ങളിൽ മീൻപിടിക്കാൻ ഇറങ്ങുന്നതും ബോട്ടിംഗ് നടത്തുന്നതും ഈ സമയത്ത് തികച്ചും അപകടകരമാണ്.
കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം നിർത്തി അടുത്തുള്ള കരയിലേക്ക് മടങ്ങുക.
* വളർത്തുമൃഗങ്ങളെ തുറസായ സ്ഥലങ്ങളിൽ ഈ സമയത്ത് കെട്ടിയിടരുത്. അഴിക്കാനോ മാറ്റിക്കെട്ടാനോ മഴമേഘങ്ങൾ ഉള്ളപ്പോൾ പുറത്തിറങ്ങരുത്.
* തുറസായ സ്ഥലത്താണ് പെട്ടുപോയതെങ്കിൽ പാദങ്ങൾ ചേർത്തു വെച്ച് കാൽമുട്ടുകൾക്കിടയിൽ തല ഒതുക്കി പന്ത് പോലെ ഉരുണ്ടിരിക്കുക.
* മിന്നലേറ്റ വ്യക്തിക്ക് ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്.
മിന്നലേറ്റ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല എന്നതിനാൽ ഉടൻ തന്നെ പ്രഥമ ശുശ്രൂഷ നൽകാനും വൈദ്യസഹായം എത്തിക്കാനും മടിക്കരുത്. ഇടിമിന്നലിന്റെ സാഹചര്യം മുൻകൂട്ടി അറിയുന്നതിനായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക ആപ്പായ ‘ദാമിനി’ (Damini App) ഉപയോഗിക്കാവുന്നതാണ്.
ശക്തമായ കാറ്റിനെ നേരിടാനുള്ള മറ്റ് പൊതുജാഗ്രതാ നിർദ്ദേശങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

