ദ്വിരാജ്യ ബന്ധവും പരസ്പര സഹകരണവും പുതിയ തലത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഓസ്ട്രേലിയയിൽ പ്രധാന അന്താരാഷ്ട്ര സമ്മേളനങ്ങൾക്ക് കളമൊരുങ്ങുന്നു. ന്യൂ സൗത്ത് വെയിൽസ് കേന്ദ്രീകരിച്ച് ഒക്ടോബർ 14 മുതൽ നവംബർ 15 വരെയാണ് ഗ്ലോബൽ ബിസിനസ് ഫോറവും ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ഗ്ലോബൽ മീറ്റും അരങ്ങേറുന്നത്.
ഈ ആഗോള സംരംഭത്തിലേക്ക് കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 20 അംഗ പ്രതിനിധി സംഘം യാത്ര തിരിക്കുമെന്ന് സംഘാടക സമിതി വ്യക്തമാക്കി.
വ്യവസായം, നിക്ഷേപം, ഉന്നത വിദ്യാഭ്യാസം, ആധുനിക സാങ്കേതികവിദ്യ, വയോജന പരിചരണം (സീനിയർ കെയർ), കാർഷിക വികസനം, മനുഷ്യാവകാശ സംരക്ഷണം, സാംസ്കാരിക കൈമാറ്റം എന്നീ സുപ്രധാന മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുക എന്നതാണ് ഈ ഉച്ചകോടിയുടെ മുഖ്യ പ്രമേയം. ഒക്ടോബർ 14ന് ന്യൂ സൗത്ത് വെയിൽസിലെ ദി കോലേബീ, ഡൂൺസൈഡിൽ നടക്കുന്ന വിപുലമായ ഉദ്ഘാടന സമ്മേളനത്തോടെ പരിപാടികൾക്ക് ഔദ്യോഗിക തുടക്കമാകും.
ബ്ലാക്ക് ടൗൺ സിറ്റി കൗൺസിൽ മേയർ കൗൺസിലർ ബ്രാഡ് ബണ്ടിങ് ജെ.പി, ഓസ്ട്രേലിയൻ പാർലമെന്റംഗങ്ങൾ, വിവിധ സർക്കാർ പ്രതിനിധികൾ, വ്യവസായ പ്രമുഖർ, പ്രമുഖ നിക്ഷേപകർ, വിദ്യാഭ്യാസ വിദഗ്ധർ, ഐടി രംഗത്തെ പ്രമുഖർ, കർഷകർ, സ്റ്റാർട്ടപ്പ് സംരംഭകർ, സാമൂഹിക പ്രവർത്തകർ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരിക്കും. സംരംഭകർ, വ്യവസായികൾ, നിക്ഷേപകർ, വിദ്യാഭ്യാസ പ്രവർത്തകർ, ആരോഗ്യ-സാമൂഹിക സേവന മേഖലകളിലെ വിദഗ്ധർ, കർഷകർ, വിവിധ പ്രൊഫഷണലുകൾ തുടങ്ങിയവർ അടങ്ങുന്നതാണ് കേരളത്തിൽ നിന്നുള്ള സംഘം.
ഒരു മാസം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളുടെ ഭാഗമായി ബിസിനസ് മീറ്റിംഗുകൾ, ബി2ബി ചർച്ചകൾ, നിക്ഷേപ സംവാദങ്ങൾ, പഠനയാത്രകൾ, വിവിധ സ്ഥാപനങ്ങളുടെ സന്ദർശനങ്ങൾ, പ്രത്യേക പരിശീലനങ്ങൾ, നെറ്റ്വർക്കിങ് സെഷനുകൾ, സാംസ്കാരിക രാവുകൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ ഫൗണ്ടേഷന്റെ (എച്ച്ആർഎഫ്) പ്രതിനിധികളും ഈ ആഗോള സംഗമത്തിൽ പങ്കെടുക്കും.
മനുഷ്യാവകാശ സംരക്ഷണം, സാമൂഹിക നീതി, വയോജന ക്ഷേമം, വനിതാ-ശിശു ശാക്തീകരണം, സുസ്ഥിര വികസനം, അന്താരാഷ്ട്ര സഹകരണം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളിൽ പ്രത്യേക ചർച്ചകളും സെമിനാറുകളും ഇവിടെ നടക്കും. സീനിയർ കെയർ മേഖലയിലെ ഓസ്ട്രേലിയൻ മാതൃകകൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനായി പ്രതിനിധികൾ വിവിധ സീനിയർ കെയർ ലിവിങ് സ്ഥാപനങ്ങൾ സന്ദർശിക്കും.
ഇതിനുപുറമെ, അത്യാധുനിക കാർഷികരീതികൾ, അഗ്രി ടെക്നോളജി, ഫാം മാനേജ്മന്റ് എന്നിവയുമായി ബന്ധപ്പെട്ട പരിശീലനങ്ങളും ഫാം സന്ദർശനങ്ങളും ഒരുക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ സഹകരണം, വിദ്യാർഥി കൈമാറ്റം, ഗവേഷണ പങ്കാളിത്തം, വ്യവസായ-നിക്ഷേപ അവസരങ്ങൾ എന്നിവയും ഫോറത്തിലെ പ്രധാന ചർച്ചാവിഷയങ്ങളായി മാറും. ഫോറത്തിന്റെ ഭാഗമായി പ്രത്യേക കേരള ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ച് കേരളത്തിന്റെ തനത് ഭക്ഷണസംസ്കാരം രാജ്യാന്തര സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കും.
പരിപാടികളുടെ സമാപനത്തിന് ശേഷം കേരളത്തിൽ നിന്നുള്ള പ്രതിനിധികളും ഓസ്ട്രേലിയയിലെ പ്രവാസി മലയാളി സമൂഹവും ചേർന്ന് മാറ്റുരയ്ക്കുന്ന ടി-10 ഫ്രണ്ട്ഷിപ്പ് ക്രിക്കറ്റ് ടൂർണമെന്റും നടക്കും. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ദീർഘകാല ബിസിനസ്, വിദ്യാഭ്യാസ, സാങ്കേതിക, സാമൂഹിക, സാംസ്കാരിക സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിന് ഈ അന്താരാഷ്ട്ര വേദി വലിയ വഴിയൊരുക്കുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.
കൂടാതെ, കേരളത്തിൽ എറണാകുളത്ത് ആരംഭിക്കാനിരിക്കുന്ന രണ്ട് പ്രീമിയം സീനിയർ കെയർ ലിവിങ് പദ്ധതികളുടെ തുടക്കത്തിനും അന്താരാഷ്ട്ര പങ്കാളിത്തം, നിക്ഷേപ സാധ്യതകൾ, സാങ്കേതിക സഹകരണം എന്നിവ ഉറപ്പാക്കുന്നതിനും ഈ ഫോറം നിർണായക വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു. ഓസ്ട്രേലിയയിലെ മികച്ച സീനിയർ കെയർ ലിവിങ് മാതൃകകൾ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള വയോജന പരിചരണ സേവനങ്ങൾ വികസിപ്പിക്കുന്നതിനും ഈ വേദി സഹായകമാകുമെന്ന പ്രതീക്ഷയും അവർ പങ്കുവെച്ചു.
വെബ്സൈറ്റ്: www.globalbusinessforum.global
ഇമെയിൽ: [email protected]
ബന്ധപ്പെടുക:
Ray Pillai (Australia) +61 466 721 178
Rose Mathew (India) +91 98952 53357
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

