കോഴിക്കോട് പാളയം പുതിയകോവിലകം പറമ്പ് സ്വദേശിയായ ബിജു (38) കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ബന്ധുവായ മാങ്കാവ് കുറ്റിയിൽതാഴം തെക്കിനേടത്ത് മീത്തൽ ദീപക് (21) വെറും 12 മിനിറ്റിനുള്ളിൽ കൃത്യം നടത്തിയെന്ന് സൂചിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ബിജുവിന്റെ വീടിന്റെ പരിസരത്തേക്ക് പ്രതിയായ ദീപക് സ്കൂട്ടറിൽ പോകുന്നതും തിരിച്ചുവരുന്നതുമായ ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
ഞായറാഴ്ച പുലർച്ചെ നാടിനെ നടുക്കിയ കൊലപാതകം നടന്നത് കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിനു പിന്നിലുള്ള ദീപക്കിന്റെ ഒറ്റമുറി വീട്ടിലാണ്. പുലർച്ചെ മൂന്നു മണിയോടെ പശുവിനെ കറക്കാൻ മകനെ വിളിക്കാൻ എത്തിയ അമ്മയാണ് കിടപ്പുമുറിയിലെ കട്ടിലിനു മുകളിൽ രക്തത്തിൽ കുളിച്ചു മരിച്ച നിലയിൽ ബിജുവിനെ കണ്ടെത്തിയത്.
തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ കൊലപാതകമാണെന്ന് വ്യക്തമായിരുന്നു. ഫൊറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ബിജുവിന്റെ ശരീരത്തിൽ ആകെ 45 മുറിവുകൾ ഉണ്ടായിരുന്നതായും, കഴുത്തിൽ മാത്രം 18 കുത്തേറ്റതായും പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.പി.ഷൗക്കത്തലിയുടെ മേൽനോട്ടത്തിൽ ടൗൺ എസിപി കെ.വി.പ്രമോദ്ന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് 48 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയത്.
ചൊവ്വാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ ദീപക്കിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.
അന്വേഷണത്തിന്റെ ഭാഗമായി പരിസരത്തെ അൻപതോളം സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. സ്വന്തമായി വാഹനം ഇല്ലാത്ത പ്രതി കൊലപാതകത്തിനായി ബിജുവിന്റെ വീട്ടിൽ എത്തിയത് അച്ഛന്റെ സ്കൂട്ടറിലാണെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.
വെളുത്ത ടീഷർട്ട് ധരിച്ചാണ് പ്രതി എത്തിയത്. കൃത്യം നടക്കുമ്പോൾ ദീപക് ധരിച്ച വസ്ത്രങ്ങൾ പിന്നീട് കത്തിച്ച നിലയിൽ പൊലീസ് കണ്ടെത്തി.
കൊല്ലപ്പെട്ട ബിജുവിന്റെ മൊബൈൽ ഫോണും സ്കൂട്ടറിന്റെ താക്കോലും പ്രതിയുടെ വീട്ടിലെ തലയിണയ്ക്ക് അടിയിൽ നിന്ന് കണ്ടെടുത്തത് അന്വേഷണത്തിൽ നിർണായകമായി.
ബിജുവിന്റെ ഫോണിന്റെ സിം കാർഡ് ഊരിയ പ്രതി പിന്നീട് അത് ഫോണിൽ തിരിച്ചിട്ടത് സൈബർ പൊലീസ് സംഘത്തിന് പ്രതിയുടെ ലൊക്കേഷൻ കൃത്യമായി കണ്ടെത്തുവാൻ സഹായകരമായി. ലഹരിക്ക് അടിമയായിരുന്ന പ്രതിയെ ചികിത്സയ്ക്ക് വിധേയനാക്കാൻ ബിജു മുൻകൈയെടുത്തു നടത്തിയ നീക്കമാണ് പകയ്ക്ക് ഇടയാക്കിയതെന്നാണ് സൂചന.
മൂന്നു വർഷം മുൻപ് പ്രതിയും ബിജുവും തമ്മിൽ അടിപിടിയുണ്ടായതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബിജുവിന്റെ സംസ്കാരച്ചടങ്ങിൽ മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് ദീപക് പങ്കെടുത്തത്.
ഈ ചടങ്ങിൽ എത്തിയ ദീപക്കിന്റെ കൈവിരലുകളിൽ പരുക്കേറ്റിരുന്നു. ബിജുവിന്റെ തല മതിലിൽ ഇടിക്കാൻ നടത്തിയ ശ്രമത്തിനിടെയാണ് കൈവിരലുകൾക്ക് പരുക്കേറ്റതെന്ന് പിന്നീട് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.
കഞ്ചാവ് ഉപയോഗിച്ചതിന് ദീപക്കിനെതിരെ കസബ സ്റ്റേഷനിൽ കേസുണ്ട്. ബിഎ ബിരുദം പൂർത്തിയാക്കിയ ദീപക് യുട്യൂബിൽ നിരന്തരം ബോക്സിങ് മത്സരങ്ങൾ കാണാറുണ്ടായിരുന്നു.
അയൽവാസികളായ രണ്ടുപേരെ മർദിച്ചത് സംബന്ധിച്ചും പരാതികൾ നിലവിലുണ്ടായിരുന്നുവെങ്കിലും രക്ഷിതാക്കൾ ഇടപെട്ട് അവ ഒത്തുതീർപ്പാക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ ലഹരിസംഘങ്ങളുമായി ബിജുവിനുണ്ടായ തർക്കമാണ് കൊലപാതകത്തിനു പിന്നിലെന്ന സംശയം ഉയർന്നിരുന്നെങ്കിലും, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള സമഗ്രമായ അന്വേഷണമാണ് ദീപക്കിലേക്ക് എത്തിച്ചത്.
കസബ ഇൻസ്പെക്ടർ പി.ജെ. ജിമ്മി, എസ്ഐ നിമിൻ കെ.
ദിവാകരൻ തുടങ്ങിയവര അടങ്ങിയ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

