പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയ്ക്ക് കോടതി വധശിക്ഷ വിധിച്ചതിന് പിന്നാലെ, പ്രതിഭാഗം അഭിഭാഷകനെതിരെ പൊലീസ് ഓഫീസർ നടത്തിയ അധിക്ഷേപ പരാമർശത്തിൽ വ്യാപക പ്രതിഷേധം. അഭിഭാഷകൻ ചാറ്റ് ജിപിടി നോക്കി കേസ് വാദിച്ചു എന്ന പരാമർശം വസ്തുതയ്ക്ക് നിരക്കാത്തതും അനവസരത്തിലുള്ളതുമാണെന്ന് ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ വ്യക്തമാക്കി.
കേസ് നടത്തുന്നതിനായി മോക് ട്രയൽ നടത്തി സാക്ഷികളെ പഠിപ്പിച്ചു എന്നത് തികച്ചും നിയമവിരുദ്ധമാണ്. അന്വേഷണ ഉദ്യോഗസ്ഥൻ ഉന്നയിച്ചത് അപക്വവും അടിസ്ഥാനരഹിതവുമായ ആരോപണമാണെന്നും ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും ലോയേഴ്സ് യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റി പ്രതികരിച്ചു.
അഭിഭാഷകർ ഓഫീസർ ഓഫ് ദ കോർട്ട് ആണെന്ന കാര്യം സംശയാതീതമായ വിധിന്യായത്തിലൂടെ നിരവധി തവണ പരമോന്നത കോടതി അസന്നിഗ്ദ്ധമായി പ്രസ്താവിച്ചിട്ടുള്ളതാണ്. ഒരു ക്രിമിനൽ കേസിലെ പ്രതിക്ക് വേണ്ടി കേസ് നടത്തുന്നതും വാദങ്ങൾ ഉന്നയിക്കുന്നതും പ്രതിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകന്റെ ചുമതലയും കർത്തവ്യവുമാണ്.
ഓരോ കേസും അന്തിമ വിധിയാകുന്നത് വരെയും കോടതിയെ സത്യം കണ്ടെത്താൻ സഹായിക്കുക എന്ന മഹത്തായ ഉദ്യമമാണ് അഭിഭാഷകൻ ചെയ്യുന്നതെന്നും ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ഭാരവാഹികൾ ചൂണ്ടിക്കാണിച്ചു. ചെന്താമരയുടെ കേസിൽ വിധി പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഡിവൈഎസ്പി മുരളീധരൻ തികച്ചും അടിസ്ഥാനരഹിതവും കേസ് നടത്തിയ അഭിഭാഷകനെതിരെ അധിക്ഷേപകരവുമായ പ്രസ്താവന നടത്തിയതെന്ന് ലോയേഴ്സ് യൂണിയൻ ഭാരവാഹികൾ കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

