സംസ്ഥാനത്ത് പകർച്ചപ്പനി ബാധിച്ച് മറ്റൊരു മരണം കൂടി സ്ഥിരീകരിച്ചു. മണ്ണാർക്കാട് സ്വദേശിനിയായ ശിവരഞ്ജിനി (14) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 9 പനി മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പുറമേയാണ് കോട്ടോപ്പാടം വേങ്ങ സ്വദേശിനിയായ ശിവരഞ്ജിയുടെ വിയോഗം.
പനി വിട്ടുമാറാത്തതിനെ തുടർന്ന് ഇന്നലെ രാത്രി എട്ട് മണിയോടെ കുട്ടിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ഡോക്ടറെ കണ്ട് മടങ്ങിയിരുന്നു. എന്നാൽ രാത്രി പതിനൊന്ന് മണിയോടെ വീണ്ടും അസ്വസ്ഥത അനുഭവപ്പെടുകയും ബോധം നഷ്ടപ്പെടുകയും ചെയ്യുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം രൂക്ഷമായി തുടരുമ്പോഴും സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിച്ചിട്ടില്ല.
ഇന്നലെ മാത്രം 8407 പേരാണ് പനിബാധിതരായി ചികിത്സ തേടിയത്. മലപ്പുറം ജില്ലയിൽ പ്രതിദിന പനി രോഗികളുടെ എണ്ണം 2000 കവിഞ്ഞിട്ടുണ്ട്.
കൂടാതെ പാലക്കാട്, കാസർകോട്, തിരുവനന്തപുരം എന്നീ ജില്ലകളിലും രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. ഒറ്റപ്പാലത്ത് ഇന്നലെ ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന നിരക്കിലാണ് രോഗവ്യാപനം. ഇന്നലെ മാത്രം 48 പേർക്കാണ് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചത്.
ഇതിൽ കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് എറണാകുളം ജില്ലയിലാണ്. പനിക്കിടക്കയിൽ കേരളം വലയുമ്പോഴും മരുന്ന് പ്രതിസന്ധി പരിഹരിക്കാൻ കാര്യക്ഷമമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
കുടിശ്ശിക ചൂണ്ടിക്കാട്ടി പല വിതരണക്കാരും പർച്ചേസ് ഓർഡർ പ്രകാരമുള്ള മരുന്ന് വിതരണം വൈകിപ്പിക്കുകയാണെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. 500 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ധനവകുപ്പിനെ സമീപിച്ചിട്ടുണ്ട്.
ഇന്നലെ ചേർന്ന കെഎംഎസ്സിഎൽ (KMSCL) ബോർഡ് യോഗം പഞ്ഞി ഉൾപ്പെടെയുള്ള 9 ഇനങ്ങളുടെ റീ ടെൻഡർ നടപടികൾ അംഗീകരിച്ചിട്ടുണ്ട്. എങ്കിലും ഈ സ്റ്റോക്ക് ലഭ്യമാകുവാൻ കുറഞ്ഞത് രണ്ട് മാസമെങ്കിലും വേണ്ടിവരും.
മറ്റ് സംസ്ഥാനങ്ങളുടെ സഹായത്തോടെ സ്റ്റോക്ക് എത്തിക്കാനുള്ള ശ്രമങ്ങളും വൈകുകയാണ്. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ നവംബർ വരെയെങ്കിലും പ്രതിസന്ധി തുടരാനാണ് സാദ്ധ്യത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

