സംസ്ഥാനത്തെ വനമേഖലകളിൽ യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ അതിക്രമിച്ചു കയറുന്ന വ്ലോഗർമാർ, ബ്ലോഗർമാർ, വന്യജീവി ഫോട്ടോഗ്രാഫർമാർ, പക്ഷിനിരീക്ഷകരുടെ പേരിൽ ടൂറിസം നടത്തുന്നവർ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വിവിധ പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെട്ടു. അതീവ സംരക്ഷണ പ്രാധാന്യമുള്ള വന്യജീവി ആവാസവ്യവസ്ഥകളും കാടിന്റെ നിർണായക കേന്ദ്രങ്ങളും ജിയോ ടാഗ് ചെയ്ത് സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്ന പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടിരിക്കുന്നത്.
എൻ ബാദുഷ (വയനാട് പ്രകൃതി സംരക്ഷണ സമിതി), വീണ മരുതൂർ (ഫയർ ഫ്രീ ഫോറസ്റ്റ്, തിരുവനന്തപുരം), അഡ്വ. ടി.എസ്.സന്തോഷ്, ടി.വി.രാജൻ (നദീ സംരക്ഷണ സമിതി, കോഴിക്കോട്), അൻവർ സാദത്ത് (പ്രളയാനന്തര നിലമ്പൂർ), രമിത്ത് എം. (സഹ്യാദ്രി സമ്മിറ്റ്), കെ.എ.
സുലൈമാൻ (കേരളത്തിലെ വന്യത – ഇടുക്കി), എം.എൻ.ജയചന്ദ്രൻ (എസ്പിസിഎ, ഇടുക്കി) തുടങ്ങിയ പ്രമുഖരാണ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർക്കും ചീഫ് വൈൽഡ് ലൈഫ് വാർഡനും ഔദ്യോഗികമായി കത്തയച്ചത്. വനത്തിനുള്ളിലെ വെള്ളച്ചാട്ടങ്ങൾ, മലത്തലപ്പുകൾ, പുൽമേടുകൾ, താഴ്വരകൾ, വന്യജീവികളുടെ സാന്നിധ്യമുള്ള പ്രദേശങ്ങൾ എന്നിവയാണ് പ്രധാനമായും ഇത്തരത്തിൽ ജിയോ ടാഗ് ചെയ്യപ്പെടുന്നത്.
കഴിഞ്ഞ ആഴ്ച കോഴിക്കോട് ഡിവിഷനിലെ കുറ്റിയാടി വനത്തിൽ അനധികൃതമായി പ്രവേശിച്ച ഒരു സംഘം ചെറുപ്പക്കാർ വഴി തെറ്റി കാട്ടിൽ അകപ്പെടുകയും, തുടർന്ന് ഇവർക്കെതിരെ ഡിഎഫ്ഒ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. നിലമ്പൂർ നോർത്ത് ഡിവിഷനിൽ അതിക്രമിച്ചു കയറിയ മറ്റൊരു വ്ലോഗറുടെ പേരിലും സമാനമായ രീതിയിൽ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.
എന്നാൽ നെല്ലിയാമ്പതി പോലുള്ള മേഖലകളിൽ ചില വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. നെല്ലിയാമ്പതി, ധോണി മേഖലകളിലെ മിക്ക ടൂറിസം പ്രവർത്തനങ്ങളും പക്ഷി നിരീക്ഷണ കേന്ദ്രങ്ങളും അനധികൃതമായാണ് പ്രവർത്തിക്കുന്നത്.
വയനാട് വൈൽഡ് ലൈഫ് സാങ്ച്വറി അടക്കമുള്ള പ്രധാന ഫോറസ്റ്റ് ഡിവിഷനുകളിലും ഈ അനധികൃത കടന്നുകയറ്റക്കാർ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട് വനം ഡിവിഷനു കീഴിൽ നടന്ന 25ഓളം ജിയോ മാപ്പിങ്ങുകളെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് ഡിഎഫ്ഒ ഇതിനോടകം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ ഗൈഡുകളും ഡ്രൈവർമാരും പോലും ഇത്തരം ജിയോ മാപ്പിങ് നടത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന സ്ഥിതിയാണുള്ളത്. വനംവകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ സാധാരണക്കാരുടെ പ്രവേശനം കർശനമായി നിരോധിച്ചിരിക്കുന്ന 250ഓളം നിർണായക വന്യജീവി ആവാസ കേന്ദ്രങ്ങളും മർമ്മപ്രധാന മേഖലകളുമാണ് ഗൂഗിൾ പ്ലാറ്റ്ഫോമിൽ നിയമവിരുദ്ധമായി ടാഗ് ചെയ്യപ്പെട്ടിരിക്കുന്നത്.
ആനവേട്ടക്കാർ, ശിക്കാരികൾ, മരംകൊള്ളക്കാർ എന്നിവർ ഈ ജിയോ ടാഗുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് മനുഷ്യ-വന്യജീവി സംഘർഷങ്ങൾ രൂക്ഷമാകുന്നതിനും, കാട്ടുതീ പടരുന്നതിനും, വനശോഷണത്തിനും ജൈവവൈവിധ്യ നാശത്തിനും കാരണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിഷയത്തിൽ അടിയന്തരമായി ശക്തമായ നടപടികൾ ഉണ്ടാകണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

