കൊച്ചി ∙ ദേശീയപാത 66-ൽ ഇടപ്പള്ളി ജംക്ഷനിൽ മരോട്ടിച്ചോടിനെയും ഇടപ്പള്ളി മാർക്കറ്റിനെയും ബന്ധിപ്പിച്ചു കാൽനടയാത്രക്കാർക്കും ചെറു വാഹനങ്ങൾക്കും വേണ്ടി പുതിയ അടിപ്പാത നിർമിക്കാൻ തീരുമാനമായി. ദേശീയപാത ബൈപാസ് നിർമാണത്തെ തുടർന്ന് വേറിട്ടുപോയ ഈ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള പരമ്പരാഗത യാത്രാമാർഗ്ഗം മേൽപ്പാലങ്ങളുടെയും അണ്ടർപാസുകളുടെയും നിർമ്മാണത്തോടെ ഇല്ലാതായിരുന്നു.
ഇത് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് നാഷണൽ ഹൈവേ അതോറിറ്റിയുടെ പുതിയ തീരുമാനം. പ്രദേശവാസികളുടെ നിരന്തരമായ ആവശ്യങ്ങൾ പരിഗണിച്ചാണ് ചെറു വാഹനങ്ങൾക്കും കാൽനടയാത്രയ്ക്കുമായി 50 മീറ്റർ വീതിയുള്ള അടിപ്പാത നിർമിക്കാൻ അധികൃതർ പച്ചക്കൊടി കാട്ടിയത്.
ഇതിനുപുറമെ, ഇടപ്പള്ളി ജംക്ഷന്റെ വടക്കേ വശത്തു ലുലു കോർപറേറ്റ് ഓഫിസിനടുത്തും കാൽനട യാത്രക്കാർക്കായി മറ്റൊരു അണ്ടർപാസ് കൂടി നിർമ്മിക്കുന്നുണ്ട്.
ഇടപ്പള്ളിയിലെ ഈ രണ്ട് അടിപ്പാതകൾക്ക് പുറമേ, ഇടപ്പള്ളി– മൂത്തകുന്നം ദേശീയപാതയിൽ മൂത്തകുന്നം, ചിറ്റാറ്റുകര, പട്ടണംകവല, വള്ളുവള്ളി, കൂനമ്മാവ്, പെരുംപടന്ന, തൈക്കാവ് എന്നീ പ്രധാന മേഖലകളിലും കാൽനടയാത്രക്കാർക്കും ചെറു വാഹനങ്ങൾക്കുമായി വിവിധ അടിപ്പാതകൾ വരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇടപ്പള്ളിയിൽ മരോട്ടിച്ചോടിനെയും മാർക്കറ്റിനെയും ബന്ധിപ്പിച്ച് നിലവിൽ നിർമിക്കുന്ന 650 മീറ്റർ നീളമുള്ള മേൽപാലം 90 മീറ്റർ കൂടി നീട്ടി ആകെ 740 മീറ്ററാക്കി മാറ്റും.
ഈ ഭാഗത്താണ് പുതിയ അടിപ്പാത യാഥാർത്ഥ്യമാക്കുന്നത്. ജംക്ഷനിൽ സിഗ്നലുകൾ ഒഴിവാക്കി വാഹനങ്ങൾക്കു തടസ്സമില്ലാതെ കടന്നുപോകാനുള്ള പ്രധാന അടിപ്പാതയും ഇവിടെയാണ് വരുന്നത്.
എന്നാൽ പുതിയ നിർമ്മാണ ജോലികൾ അധികമായി വന്നതോടെ ഇടപ്പള്ളി – മൂത്തകുന്നം ദേശീയപാതയുടെ നിർമ്മാണ പൂർത്തീകരണം വീണ്ടും വൈകും. മുൻപ് ഈ വർഷം മേയിൽ തീർക്കുമെന്നും പിന്നീട് ഓഗസ്റ്റിലേക്ക് മാറ്റിയെന്നും അറിയിച്ചിരുന്ന പദ്ധതിയുടെ പുതിയ ലക്ഷ്യം അടുത്തവർഷം ഏപ്രിലിൽ പൂർത്തിയാക്കാനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

