തിരുവനന്തപുരം: ചിറയിൻകീഴിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുമായി ഉണ്ടായ വാക്കുതർക്കത്തിലും സംഘർഷത്തിലും നിലപാട് വ്യക്തമാക്കി രമ്യ ഹരിദാസ് എംഎൽഎ രംഗത്ത്. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട
തർക്കങ്ങളാണ് ഒടുവിൽ കയ്യാങ്കളിയിൽ കലാശിച്ചതെന്ന് എംഎൽഎ വ്യക്തമാക്കി. സജാദ് എന്നയാളുടെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് അദ്ദേഹത്തിന്റെ വസതിയിലെത്തിയത്.
എന്നാൽ വീട്ടിൽ വെച്ച് ജില്ലാ പഞ്ചായത്ത് അംഗം സജാദും സുഹൃത്തുക്കളും ചേർന്ന് തന്നെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നും, സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിൽ മുൻപ് നടന്നത് ഔദ്യോഗിക യോഗമായിരുന്നില്ലെന്നും, യോഗത്തിൽ പങ്കെടുത്ത പാളയം പ്രദീപ് തന്റെ ഔദ്യോഗിക സ്റ്റാഫ് അംഗമാണെന്നും രമ്യ ഹരിദാസ് വിശദീകരിച്ചു.
സജാദ് തനിക്കെതിരെ നിരന്തരം അപകീർത്തികരമായ രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്ന വ്യക്തിയാണെന്നും എംഎൽഎ ആരോപിച്ചു. സംഘർഷത്തിൽ പരിക്കേറ്റ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ എംഎൽഎയുടെ മൊഴി പൊലീസ് ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, എംഎൽഎയ്ക്കും പാളയം പ്രദീപിനുമെതിരെ കോൺഗ്രസ് നേതാവ് സജാദും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വീട് കയറി ആക്രമണം നടത്തിയെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം.
കൂന്തള്ളൂർ മണ്ഡലം വൈസ് പ്രസിഡന്റായ സജാദ് സംഭവത്തിൽ ആവശ്യമായ പൊലീസ് സംരക്ഷണവും തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കരാറുകാരുടെയും ജനപ്രതിനിധികളുടെയും പ്രോജക്ട് ഇംപ്ലിമെന്റേഷൻ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്തിരുന്നു.
ഈ യോഗത്തിൽ പാളയം പ്രദീപ് സംസാരിച്ചതിനെതിരെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ രംഗത്തെത്തുകയും, തുടർന്ന് ഈ വിഷയം സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഈ ഓൺലൈൻ പോസ്റ്റിലെ വിവരങ്ങൾ ചോദ്യം ചെയ്തുകൊണ്ട് എംഎൽഎ ഉൾപ്പെടെയുള്ളവർ നേതാവിന്റെ വീട്ടിൽ എത്തിയപ്പോഴാണ് ഇരുവിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കുതർക്കവും കയ്യാങ്കളിയുമുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും പരസ്പരം കടുത്ത ആരോപണ-പ്രത്യാരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഇതിനിടയിൽ സംഘർഷത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പുറത്തുവന്ന ദൃശ്യങ്ങളിൽ “എൻ്റെ കൈ വിടടാ” എന്ന് എംഎൽഎ പറയുന്നതും, തിരിച്ചും “നീയാരാടാ” എന്ന് ചോദിക്കുന്നതുമായ ദൃശ്യങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

