കോഴിക്കോട് ജില്ലയിൽ പ്രകൃതിക്ഷോഭത്തിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടങ്ങൾ നേരിട്ട അറുനൂറിലധികം കുടുംബങ്ങൾക്കുള്ള സർക്കാർ ധനസഹായം രണ്ടു വർഷം പിന്നിട്ടിട്ടും ലഭിച്ചില്ല.
വീടുകളും റോഡുകളും തകർന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത്, ജില്ലാ ഭരണകൂടം, മന്ത്രിതലങ്ങൾ എന്നിവിടങ്ങളിൽ ഒട്ടേറെത്തവണ പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല. തകർന്ന വീടുകളുടെയും റോഡുകളുടെയും അറ്റകുറ്റപ്പണികൾ പോലും ഇനിയും പൂർത്തിയായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2024 ജൂൺ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ജില്ലയിലെ 600-ലേറെ പേർക്കായി 12 കോടി രൂപയാണ് സർക്കാർ ദുരിതാശ്വാസ ഫണ്ടിൽ നിന്നും അനുവദിക്കേണ്ടതുള്ളത്. കൃഷിനാശം സംഭവിച്ചവർ, വീടുകൾ ഭാഗികമായും പൂർണ്ണമായും തകർന്നവർ എന്നിവരെല്ലാം സഹായത്തിനായി കാത്തിരിക്കുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപായി നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതിനായുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഇത് സംബന്ധിച്ച കണക്കുകൾ ശേഖരിച്ച് സർക്കാരിന് സമർപ്പിക്കുകയും ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് വേളയിൽ ഫണ്ട് പാസായതായി ദുരന്ത നിവാരണ വകുപ്പിൽ നിന്ന് ജില്ലാ ഭരണകൂടത്തിന് വിവരം ലഭിച്ചിരുന്നെങ്കിലും തുക ലഭ്യമായില്ല. തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തുക ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ വീണ്ടും റിമൈൻഡർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പുതിയ മന്ത്രിസഭ അധികാരമേറ്റ സാഹചര്യത്തിൽ ധനസഹായം അടിയന്തരമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥരും ദുരിതബാധിതരും.
റോഡ് പുനർനിർമ്മാണം, വീടുകളുടെ അറ്റകുറ്റപ്പണി, കൃഷിനാശം, മൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം, ദുരന്തമേഖലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചവരുടെ പുനരധിവാസം എന്നിവയ്ക്കായാണ് ഈ തുക വകയിരുത്തിയിരുന്നത്. ഫണ്ട് വൈകിയതോടെ, അടിയന്തര ആവശ്യങ്ങൾക്കായി കരാറുകാർ സ്വന്തം നിലയിൽ പൂർത്തിയാക്കിയ ജോലികൾക്കുള്ള പ്രതിഫലവും ലഭിച്ചിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

