ഇന്ത്യയിൽ നിന്നുള്ള പോത്തിറച്ചി കയറ്റുമതിയിൽ സുതാര്യത വർധിപ്പിക്കുന്നതിനും, മായം കലർത്തുന്നത് തടയുന്നതിനുമായി അത്യാധുനിക ഡിഎൻഎ അധിഷ്ഠിത പിസിആർ പരിശോധന സംവിധാനം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുന്നു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ആണ് ഇതുസംബന്ധിച്ച പരിശോധനകൾക്ക് മേൽനോട്ടം വഹിക്കുന്നത്.
പശുവിറച്ചി നിരോധനം നിലനിൽക്കുന്ന മേഖലകളിൽ നിന്ന് കയറ്റുമതി ചെയ്യുന്ന പോത്തിറച്ചിയിൽ പശുവിറച്ചി കലർന്നിട്ടുണ്ടോ എന്ന ആശങ്കകൾക്ക് ശാസ്ത്രീയമായ പരിഹാരം കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രോസസ് ചെയ്തതോ ചെറുതായി അരിഞ്ഞതോ ആയ മാംസം കാഴ്ചയിൽ തിരിച്ചറിയാൻ പ്രയാസകരമായതിനാൽ, രാജ്യാന്തര തലത്തിൽ മൃഗങ്ങളുടെ ഇനം കൃത്യമായി ഉറപ്പാക്കാൻ ഡിഎൻഎ/പിസിആർ പരിശോധനാ രീതി ഫലപ്രദമായിരിക്കും.
നിലവിൽ നിലവിലുള്ള രാജ്യാന്തര ഐഎസ്ഒ മാനദണ്ഡങ്ങളിൽ പോത്തിന്റെ ഡിഎൻഎ വേർതിരിച്ചറിയാനുള്ള പ്രത്യേക സംവിധാനങ്ങൾ പരിമിതമായതിനാലാണ് ഇന്ത്യ സ്വന്തമായി ദേശീയ മാനദണ്ഡങ്ങൾ രൂപീകരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പോത്തിറച്ചി കയറ്റുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
ഭക്ഷണ പദാർഥങ്ങളിലെ ജനിതക ഘടന വിശകലനം ചെയ്ത് ഏത് മൃഗത്തിന്റേതാണെന്ന് കൃത്യമായി കണ്ടെത്താൻ സഹായിക്കുന്ന ശാസ്ത്രീയ രീതിയാണിത്. പോളിമറേസ് ചെയിൻ റിയാക്ഷൻ എന്ന ലബോറട്ടറി സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്.
പാകം ചെയ്തതോ ഉയർന്ന തോതിൽ പ്രോസസ് ചെയ്തതോ ആയ മാംസത്തിൽ പോലും ഡിഎൻഎ നശിക്കാതെ അവശേഷിക്കുമെന്നതിനാൽ, ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് മായം ചേർക്കൽ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

