പുതിയ സർക്കാർ അധികാരമേറ്റ് ദിവസങ്ങൾ പിന്നിടുമ്പോഴും, മന്ത്രിസഭാ പ്രാതിനിധ്യം ലഭിക്കാത്തതിനെച്ചൊല്ലി കോഴിക്കോട് ജില്ലയിലെ യുഡിഎഫ് ക്യാമ്പുകളിൽ കടുത്ത അമർഷം പുകയുന്നു. എൽഡിഎഫിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെച്ച് 12 സീറ്റുകൾ സ്വന്തമാക്കിയ യുഡിഎഫ്, ഇത്തവണ തങ്ങൾക്ക് അർഹമായ രണ്ട് മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു.
കോൺഗ്രസിനും മുസ്ലിം ലീഗിനും ഓരോ മന്ത്രിസ്ഥാനം വീതം ലഭിക്കുമെന്ന കണക്കുകൂട്ടലുകൾക്കൊടുവിൽ, പാറക്കൽ അബ്ദുല്ലയ്ക്ക് അവസാന രണ്ടര വർഷം അവസരം നൽകുമെന്ന പ്രഖ്യാപനം മാത്രമാണ് പ്രവർത്തകർക്ക് ലഭിച്ച ഏക ആശ്വാസം. കോൺഗ്രസ് പാളയത്തിൽ കെപിസിസി ജനറൽ സെക്രട്ടറി കെ.ജയന്ത് മന്ത്രിയാകുമെന്നായിരുന്നു വ്യാപകമായ പ്രതീക്ഷ.
പാർട്ടിയിലെ മുതിർന്ന നേതാവെന്ന നിലയിലും സമുദായ സമവാക്യങ്ങൾ പരിഗണിച്ചും ജയന്തിന്റെ പേര് പട്ടികയിൽ സജീവമായിരുന്നു. എന്നാൽ അന്തിമ പ്രഖ്യാപനത്തിൽ പേര് തഴയപ്പെട്ടത് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.
ജില്ലയിൽ നിന്നുള്ള ചില നേതാക്കളുടെ ഇടപെടലുകളാണ് മന്ത്രിസ്ഥാനം നഷ്ടപ്പെടാൻ കാരണമായതെന്ന ആരോപണവുമായി പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ നേതാക്കളുടെ പേരെടുത്തു പറഞ്ഞ് രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്.
ജില്ലയുടെ ആവശ്യം സംസ്ഥാന നേതൃത്വത്തിന് മുന്നിൽ കാര്യക്ഷമമായി അവതരിപ്പിക്കുന്നതിൽ പ്രാദേശിക നേതൃത്വം പരാജയപ്പെട്ടുവെന്നതാണ് പ്രവർത്തകരുടെ പ്രധാന ആക്ഷേപം. മറ്റ് ജില്ലകളിൽ നിന്നുള്ള നേതാക്കൾ മന്ത്രിസ്ഥാനത്തിനായി ശക്തമായ സമ്മർദ്ദം ചെലുത്തിയപ്പോൾ കോഴിക്കോട് നിന്ന് അത്തരമൊരു നീക്കം ഉണ്ടായില്ല.
നീണ്ട 25 വർഷത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോട്ട് പുതിയൊരു അധികാര കേന്ദ്രം രൂപപ്പെടുന്നത് തടയാൻ ചില പ്രാദേശിക നേതാക്കൾ തന്നെ ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണവും വിമർശനങ്ങളിൽ ഉൾപ്പെടുന്നു.
മുസ്ലിം ലീഗിലും സമാനമായ പ്രതിഷേധം ഉയരുകയാണ്. അവസാന നിമിഷം വരെ പട്ടികയിലുണ്ടായിരുന്ന പാറക്കൽ അബ്ദുല്ലയുടെ പേര് വെട്ടിയൊഴിച്ചത് പ്രവർത്തകരെ പ്രകോപിപ്പിച്ചു.
കോൺഗ്രസിന് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഉറപ്പായതോടെ ലീഗ് നേതൃത്വം വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്ന ആരോപണവും ഉയർന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ, സമാധാനിപ്പിക്കൽ നടപടിയെന്നോണം അവസാന രണ്ടര വർഷത്തേക്ക് പാറക്കൽ അബ്ദുല്ലയെ പരിഗണിക്കുമെന്ന പ്രഖ്യാപനം നടത്തി ലീഗ് നേതൃത്വം പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

