വയനാട്ടിലെ തോട്ടങ്ങളിൽ വിളഞ്ഞു പാകമാകുന്ന ചക്കകൾക്ക് നാട്ടിൽ ആവശ്യക്കാരില്ലാതെ നശിക്കുമ്പോൾ, അയൽസംസ്ഥാനമായ കർണാടകയിൽ വൻ വിപണനസാധ്യതയാണ് തെളിയുന്നത്. ദിവസേന ലോഡ് കണക്കിന് ചക്കയാണ് അതിർത്തി കടന്ന് കർണാടകയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പഴവിപണികളിലും ചക്കയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പച്ചച്ചക്ക, പഴുത്ത ചക്ക, ചുളയിരിഞ്ഞവ എന്നിവയെല്ലാം വിപണിയിൽ സുലഭമാണ്.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പാതയോരങ്ങളിൽ ചക്കപ്പഴത്തിന് ആവശ്യക്കാർ ഏറെയാണ്. നിലവിൽ അഞ്ച് ചുള അടങ്ങിയ പാക്കറ്റിന് 30 രൂപയാണ് വില.
ഒരു ചക്കച്ചുളയ്ക്ക് 6 രൂപ നിരക്കിലാണ് വിൽപന നടക്കുന്നത്. ഒരു ചക്ക മുറിച്ച് വിൽക്കുമ്പോൾ വ്യാപാരികൾക്ക് 500 രൂപയിലധികം ലഭിക്കുമ്പോൾ, കർഷകർക്ക് ലഭിക്കുന്നത് വെറും 20 രൂപ മാത്രമാണ്.
വയനാടൻ ചക്ക ഉത്തരേന്ത്യൻ വിപണികളിലേക്കും എത്തുന്നുണ്ട്. ഇടിച്ചക്ക, പച്ചച്ചക്ക, പഴുത്ത ചക്ക എന്നിങ്ങനെ തരംതിരിച്ച് ഐസ് പാളികൾ നിരത്തിയ ലോറികളിലാണ് ഇവ കൊണ്ടുപോകുന്നത്.
ഓരോ വർഷവും വൻതോതിൽ ചക്ക പുറത്തേക്ക് കയറ്റി അയക്കുന്നുണ്ടെങ്കിലും, ജില്ലയിലെ തോട്ടങ്ങളിൽ വലിയൊരു ഭാഗം ചക്ക പഴുത്ത് നശിക്കുകയാണ്. ജൈവരീതിയിൽ വിളയുന്ന ഇതര പഴവർഗ്ഗങ്ങളുടെ അവസ്ഥയും സമാനമാണ്.
ഇവ സംസ്കരിച്ച് വിപണനം നടത്താനുള്ള ആധുനിക സംവിധാനങ്ങൾ ജില്ലയിൽ ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധി. പഴവിള കൃഷി പ്രോത്സാഹിപ്പിക്കാൻ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും, അവയുടെ വിപണനവും സംസ്കരണ സാധ്യതകളും വേണ്ടത്ര ഫലവത്തായിട്ടില്ലെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

