പാലക്കാട് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറും ചലച്ചിത്ര-നാടക സംവിധായകനുമായ ശ്രീജി ബാലകൃഷ്ണൻ (54) അന്തരിച്ചു. തിരുവനന്തപുരം വെള്ളായിക്കടവ് ശ്രീധന്യയിൽ താമസക്കാരനായ അദ്ദേഹം ഔദ്യോഗിക ആവശ്യങ്ങൾക്കായി പാലക്കാട് യാക്കരയിലെ ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു.
വ്യാഴാഴ്ച രാവിലെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ അദ്ദേഹം ചികിത്സ തേടിയിരുന്നു. തുടർന്ന് വൈകിട്ട് മൂന്നരയോടെ ശുചിമുറിയിലേക്ക് പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.
2024-ൽ പുറത്തിറങ്ങിയ ‘ചന്ദ്രനും പൊലീസും’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ശ്രീജി ബാലകൃഷ്ണൻ. കൂടാതെ 13 നാടകങ്ങളും നിരവധി ഡോക്യുമെന്ററികളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
എക്സൈസ് വകുപ്പിന്റെ ബോധവൽക്കരണ പരിപാടികളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. മൃതദേഹം ഇന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
ബാലകൃഷ്ണൻ തമ്പിയാണ് പിതാവ്. ജലജകുമാരി മാതാവും, ധന്യ ഭാര്യയുമാണ്.
നിരഞ്ജൻ, ആര്യൻ എന്നിവരാണ് മക്കൾ.

