ഹരിപ്പാട്ട് ഗൃഹനാഥനെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. ഗൃഹനാഥനെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന പ്രതികൾ ആദ്യം പദ്ധതിയിട്ടത് വീടിന്റെ ഓടു നീക്കി മുകളിൽ നിന്നു ഭാരമുള്ള കല്ല് തലയിലേക്ക് ഇട്ടു കൊലപ്പെടുത്താനായിരുന്നു.
എന്നാൽ, വീടിന്റെ മേൽക്കൂരയിൽ കയറി ഓട് നീക്കിയപ്പോഴാണ് മച്ച് ഉണ്ടെന്നു മനസ്സിലായത്. പിന്നീടാണ് ശുചിമുറിയിലൂടെ അകത്തുകയറാൻ തീരുമാനിച്ചതെന്നു പ്രതികൾ മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കി.
15ന് രാത്രി മാവേലി എക്സ്പ്രസിൽ ഹരിപ്പാട്ടെത്തിയ പ്രതികൾ ബസിൽ കരുവാറ്റയിലിറങ്ങി. തുടർന്ന് ഓട്ടോയിൽ വാടകവീട്ടിൽ എത്തി.
വീടിനു പിന്നിലുള്ള ശുചിമുറിയിൽ എക്സ്ഹോസ്റ്റ് ഫാനിനു വേണ്ടി തുറന്നിട്ടിരുന്ന ചെറിയ ഭാഗത്തുകൂടി മേൽക്കൂരയുടെ ഷീറ്റ് ഉയർത്തി രണ്ട് പേർ അകത്തുകയറി. വീടിന്റെ മുൻവാതിൽ അകത്തു നിന്നു തുറന്ന്, മൂന്നാമനെയും അകത്തു കയറ്റി.
വീട്ടിലുണ്ടായിരുന്ന ഗൃഹനാഥനെ മർദിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം അലമാരയിൽ നിന്നു സ്വർണാഭരണങ്ങൾ കവർന്നു.
വീട്ടിൽ നിന്നു കവർന്ന 4.5 പവന്റെ സ്വർണാഭരണങ്ങളിൽ 1.5 ഗ്രാം തൂക്കമുള്ള ആഭരണം പ്രതികൾ 16,000 രൂപയ്ക്ക് വിറ്റു. ബാക്കി സ്വർണം ഇവരുടെ കയ്യിൽ നിന്നു പൊലീസ് കണ്ടെടുത്തു.
വിൽപനയ്ക്കു സഹായിച്ചയാളെ കേസിൽ ഉൾപ്പെടുത്തുമെന്നു പൊലീസ് അറിയിച്ചു. എന്നാൽ ഇയാൾക്കു കൊലപാതകത്തിലും കവർച്ചയിലും പങ്കുള്ളതായി നിലവിൽ സൂചനയില്ല.
ബന്ധുക്കളെ കൊലപ്പെടുത്തുന്ന കുട്ടികൾ, സഹപാഠിയെ കൂട്ടംചേർന്നു മർദിക്കുന്ന കൗമാരക്കാർ, മോഷണവും ലഹറിയും ലൈംഗിക കുറ്റങ്ങളും ശീലമാക്കുന്ന കുട്ടിക്കൂട്ടങ്ങൾ– ആശങ്കപ്പെടുത്തുന്ന ഇത്തരം സംഭവങ്ങൾ ഇല്ലാതായേ പറ്റൂ. സംഘർഷജീവിതം ഒടുവിൽ കുറ്റത്തിന്റെ കെണിയിൽ അകപ്പെട്ട
13 വയസ്സുകാരിയുടേത് പ്രശ്നങ്ങൾ നിറഞ്ഞ ജീവിതമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രശ്നങ്ങൾ നിറഞ്ഞ കുടുംബാന്തരീക്ഷം, വിദേശത്തു ജോലി ചെയ്തിരുന്ന അമ്മയുടെ അസാന്നിധ്യത്തിൽ ബന്ധുഗൃഹങ്ങളിൽ മാറിമാറി താമസം, പലതവണ വീട്ടിൽനിന്ന് ഒളിച്ചോട്ടം, മോശം കൂട്ടുകെട്ടുകൾ, ഉറ്റബന്ധുവിൽ നിന്നു മോശം പെരുമാറ്റം തുടങ്ങിയവ ഈ പ്രായത്തിനു ചേരാത്ത ക്രൂരമായ കൊലപാതക ആസൂത്രണത്തിൽ നിർണായക ഘടകമായിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം.
സ്വർണം കവർന്നാൽ മാത്രം പോരാ, കൊലപ്പെടുത്തണമെന്ന കർശന നിർദേശം നൽകിയതും കൊലപാതകം വിഡിയോ കോളിൽ തത്സമയം കണ്ടുറപ്പുവരുത്തിയതും സംഭവത്തിന്റെ മുഖ്യ ആസൂത്രകയായ ഈ പെൺകുട്ടിയായിരുന്നു. അമ്മയുടെ ആദ്യ വിവാഹത്തിലുള്ളതാണ് കുട്ടി.
അവൾ പിറന്ന് അധികം കഴിയും മുൻപേ വിവാഹബന്ധം വേർപെടുത്തി അമ്മ വിദേശത്തു ജോലിക്കു പോയി. പരവൂരിൽ പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് ശേഷം ആലപ്പുഴയിലെ ചിൽഡ്രൻസ് ഹോമിലാണ് കുട്ടി വളർന്നത്.
6–ാം ക്ലാസിൽ പരവൂരിലെ സ്കൂളിലും 7–ാം ക്ലാസിൽ നെടുങ്ങോലത്തെ സ്കൂളിലുമാണ് പഠിച്ചത്. വീട്ടിൽനിന്ന് അക്രമം നേരിടുന്നതായി ഒട്ടേറെ തവണ സ്കൂളിൽ കുട്ടി പറഞ്ഞിരുന്നു.
ഷെൽറ്റർ ഹോമിലേക്കു പോകാൻ താൽപര്യമില്ലാത്തതിനാൽ റിപ്പോർട്ട് ചെയ്യരുതെന്നും അപേക്ഷിച്ചിരുന്നു. വിദേശത്തു പരിചയപ്പെട്ട
ആലപ്പുഴ സ്വദേശിയുമായി 2 വർഷം മുൻപ് അമ്മ പുനർവിവാഹം കഴിച്ചു. ഇതോടെ അമ്മ പൂർണമായി തന്നിൽ നിന്ന് അകന്നതായി തോന്നിയെന്നാണ് കുട്ടി പൊലീസിനെ അറിയിച്ചത്.
മുൻപ് ഒന്നിലേറെ തവണ വീട്ടിൽ നിന്നിറങ്ങിപ്പോയപ്പോൾ പൊലീസിന്റെ സഹായത്തോടെയാണു കണ്ടെത്തിയത്. വീട്ടിൽനിന്ന് ഭക്ഷണം ലഭിക്കുന്നില്ലെന്നു പറഞ്ഞു കുട്ടി പ്രതികളായ കൗമാരക്കാരുടെ വീട്ടിൽ നിൽക്കുകയും പൊതുപ്രവർത്തകർ ഇടപെട്ട് തിരികെ എത്തിക്കുകയും ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്.
സ്വർണം മോഷ്ടിക്കാൻ പെൺകുട്ടിയും 17കാരനും ചേർന്നു നേരത്തേ പദ്ധതിയിട്ടിരുന്നെന്നു പൊലീസ് പറയുന്നു. ഫോൺ സംഭാഷണങ്ങളിൽ ഇതിന്റെ തെളിവുണ്ട്.
14 നാണ് ബന്ധുവിന്റെ മോശം പെരുമാറ്റത്തെപ്പറ്റി കുട്ടി സുഹൃത്തിനോടു പറഞ്ഞത്. കൊന്നുകളയണമെന്നും നിർദേശിച്ചു.
15ന് രാത്രിയാണു കൂട്ടുകാരനും രണ്ട് സുഹൃത്തുക്കളും ചേർന്നു കൊലപാതകവും കവർച്ചയും നടത്തിയത്. ഉറ്റബന്ധു വീടിനുള്ളിൽ മരിച്ചു കിടക്കുമ്പോൾ സ്കൂൾ യൂണിഫോം ധരിച്ച് ഓണപ്പരീക്ഷ എഴുതാൻ ഇറങ്ങിയ പെൺകുട്ടിയുടെ പെരുമാറ്റമാണു പൊലീസിൽ സംശയം ജനിപ്പിച്ചത്.
സംഭവദിവസം സുഹൃത്തിന്റെ വീട്ടിൽ താമസിച്ചത് കൊലപാതകസമയത്തു സാന്നിധ്യം ഒഴിവാക്കാനുള്ള പെൺകുട്ടിയുടെ തന്ത്രമാണെന്നു പൊലീസ് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്തപ്പോഴും ഒന്നുമറിയില്ലെന്നായിരുന്നു പെൺകുട്ടിയുടെ പ്രതികരണം.
ഒടുവിൽ ഫോൺരേഖകൾ ഉൾപ്പെടെ തെളിവുകൾ കാണിച്ചപ്പോഴാണു കുറ്റം സമ്മതിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

