തൃശൂരിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പൊളിച്ചുനീക്കിയ ശേഷം മാസങ്ങൾ പിന്നിട്ടിട്ടും പുനർനിർമാണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല. കഴിഞ്ഞ മാർച്ച് 7-ന് അന്നത്തെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്കുമാറാണ് സ്റ്റാൻഡ് നിർമാണോദ്ഘാടനം നിർവഹിച്ചത്.
അതിവേഗം നിർമാണം പൂർത്തിയാക്കുമെന്ന വാഗ്ദാനത്തോടെയായിരുന്നു പദ്ധതിയുടെ തുടക്കമെങ്കിലും, നിർമാണ ജോലികൾ ആരംഭിക്കാത്തത് യാത്രക്കാരെയും ജീവനക്കാരെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ബസ് ടെർമിനൽ നിർമിക്കാനായിരുന്നു തീരുമാനം.
മുൻ എംഎൽഎ പി.ബാലചന്ദ്രന്റെ വികസന ഫണ്ടിൽ നിന്ന് 7 കോടി, നവകേരള സദസ്സ് ഫണ്ടിൽ നിന്ന് 5 കോടി, ആസ്തി വികസന ഫണ്ടിൽ നിന്ന് 2.5 കോടി എന്നിങ്ങനെ ആകെ 20 കോടി രൂപയുടെ പദ്ധതിയായിരുന്നു വിഭാവനം ചെയ്തത്. സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന മൂന്നുനില കെട്ടിടം, 24 ബസുകൾക്ക് ഒരേസമയം കിടക്കാൻ സൗകര്യം, റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിച്ചുള്ള ആകാശപ്പാത, കന്റീൻ, ശുചിമുറി സമുച്ചയം, വെയിറ്റിങ് ഏരിയ, മുലയൂട്ടൽ കേന്ദ്രം തുടങ്ങിയവയായിരുന്നു പ്രധാന വാഗ്ദാനങ്ങൾ.
എന്നാൽ, ഉദ്ഘാടനം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തിയ പ്രഹസനമായിരുന്നുവെന്ന ആക്ഷേപം ശക്തമാണ്. കെട്ടിടം പൊളിച്ചുനീക്കി എന്നതല്ലാതെ, നിർമാണ പ്രവർത്തനങ്ങൾക്കായുള്ള ടെൻഡർ നടപടികൾ പോലും ഇതുവരെ പൂർത്തിയായിട്ടില്ല.
നിലവിൽ കെഎസ്ആർടിസി ഓഫിസ് ശക്തൻ സ്റ്റാൻഡിലേക്കാണ് മാറ്റിയിട്ടുള്ളത്. ഐഒസി പെട്രോൾ പമ്പിന്റെ സാന്നിധ്യം ബസുകളുടെ സുഗമമായ ഗതാഗതത്തെയും പാർക്കിങ്ങിനെയും കാര്യമായി ബാധിക്കുന്നുണ്ട്.
ദിവസേന 1200-ഓളം ബസുകളാണ് ഈ സ്റ്റാൻഡ് കേന്ദ്രീകരിച്ച് സർവീസ് നടത്തുന്നത്. സ്റ്റാൻഡിലേക്കെത്തുന്ന യാത്രക്കാർ ജീവൻ പണയം വച്ചാണ് തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കുന്നത്.
ചെറുവാഹനങ്ങളുടെ അനിയന്ത്രിതമായ പാർക്കിങ് മേഖലയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയാണ്. അധികൃതരുടെ അനാസ്ഥമൂലം ദുരിതത്തിലായ ജനങ്ങൾ പദ്ധതി എത്രയും വേഗം നടപ്പിലാക്കണമെന്ന ആവശ്യത്തിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

