ദേശീയപാത 66-ൽ കാവനാട് ആൽത്തറമൂടിന് സമീപം ചെപ്പള്ളിമുക്കിൽ നിർമ്മാണത്തിലിരിക്കുന്ന ഉയരപ്പാതയിൽ വിള്ളലുകൾ കണ്ടെത്തിയ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവ്. വിഷയം ഗൗരവത്തോടെ കാണുന്ന കൊല്ലം ജില്ലാ കളക്ടർ എൻ.ദേവിദാസ്, നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ചുകൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ തൽക്കാലത്തേക്ക് നിർത്തിവെക്കാൻ കരാറുകാർക്ക് കർശന നിർദ്ദേശം നൽകി.
പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, ജില്ലാ ജിയോളജിസ്റ്റ്, ഗ്രൗണ്ട് വാട്ടർ വിഭാഗം ജില്ലാ മേധാവി എന്നിവരടങ്ങുന്നതാണ് നിയോഗിക്കപ്പെട്ട സമിതി.
രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾക്കായി സർക്കാരിലേക്ക് സമർപ്പിക്കും.
സംഭവസ്ഥലം നേരിട്ട് സന്ദർശിച്ച ശേഷമാണ് കളക്ടർ സമിതിയെ പ്രഖ്യാപിച്ചത്. സംഭവത്തിൽ മന്ത്രി ഷിബു ബേബിജോണും ഇടപെടൽ നടത്തിയിട്ടുണ്ട്.
സ്ഥലം സന്ദർശിച്ച സംഘത്തിൽ നിർമ്മാണ കമ്പനി പ്രതിനിധികൾ, ദേശീയപാത ഉദ്യോഗസ്ഥർ, കൗൺസിലർ ദീപു ഗംഗാധരൻ, മുൻകൗൺസിലർ എം.പുഷ്പാംഗദൻ എന്നിവരും പങ്കെടുത്തു. കാവനാട് ആൽത്തറ മൂട്ടിൽ നിന്ന് കടവൂർ ഭാഗത്തേക്കുള്ള പാതയിൽ ഏകദേശം 100 മീറ്റർ നീളത്തിലാണ് ആദ്യം വിള്ളലുകൾ പ്രത്യക്ഷപ്പെട്ടത്.
ഗതാഗതത്തിനായി തുറന്നുനൽകാത്ത പാതയിൽ കാൽനടയാത്രക്കാരാണ് ഇത് ആദ്യം ശ്രദ്ധയിൽപ്പെടുത്തിയത്. പിന്നാലെ എതിർവശത്തുള്ള പാതയിലും വിള്ളലുകൾ വ്യാപിച്ചു.
കരാർ കമ്പനി ടാർ ഉപയോഗിച്ച് വിള്ളലുകൾ അടയ്ക്കാൻ ശ്രമിച്ചെങ്കിലും വിടവ് വർധിക്കുകയാണ് ചെയ്തത്. തുടർന്ന് ഒരടി താഴ്ചയിൽ റോഡ് പൊളിച്ചുപണിയാനുള്ള നീക്കം നാട്ടുകാർ കൗൺസിലർ ദീപു ഗംഗാധരന്റെ നേതൃത്വത്തിൽ തടഞ്ഞു.
കാവനാട് മുതൽ ശക്തികുളങ്ങര വരെ തൂണുകളിൽ മേൽപാലം നിർമ്മിക്കണമെന്ന ശക്തമായ ആവശ്യമാണ് പ്രദേശവാസികൾ ഉന്നയിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

