ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നടത്തിയ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിമർശിച്ചു. രാഷ്ട്രീയ നേട്ടങ്ങൾക്കായി സർക്കാർ പദ്ധതികളെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ ജനാധിപത്യപരമല്ലെന്ന് പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
അഞ്ച് ലക്ഷത്തിലധികം കുടുംബങ്ങൾക്ക് അത്താണിയായ ഒരു പദ്ധതിയുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നത് വലിയൊരു വിഭാഗം ജനങ്ങളുടെ സ്വപ്നങ്ങളെ തകർക്കുന്നതിന് തുല്യമാണെന്നും പാർട്ടി വിലയിരുത്തുന്നു. ഇക്കാര്യത്തിൽ സിപിഎം വ്യക്തമാക്കുന്ന നിലപാട് ഇങ്ങനെയാണ്:
‘അടച്ചുറപ്പുള്ള വീട് ഓരോ മനുഷ്യന്റെയും അവകാശമാണ്.
അതുറപ്പാന്‍ ഇച്ഛാശക്തിയോടെ ഇടതുപക്ഷ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ്, 20 ലക്ഷത്തിലധികം പേര് സ്വന്തം വീടെന്ന അഭിമാന ബോധത്തോടെ ഇന്ന് ജീവിക്കുന്നത്. ഇത്തരം വീടുകളില്‍ ചാപ്പകുത്തണമെന്ന കേന്ദ്ര നിര്‍ദേശത്തെയും തള്ളിയാണ് കേരളം ഈ അഭിമാനനേട്ടം കൈവരിച്ചത്.
ബ്രാന്‍ഡിങ് ഉള്‍പ്പെടെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച് ലൈഫ് മിഷനെ അട്ടിമറിക്കാന്‍ ബിജെപിയും, കേന്ദ്ര സര്‍ക്കാരുമാണ് നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നത്. അതിന്റെ തുടര്‍ച്ചയായി പദ്ധതി തന്നെ ഇല്ലാതാക്കാനാണ് യുഡിഎഫ് ഇപ്പോള്‍ ശ്രമിക്കുന്നത്.’
പദ്ധതിയുടെ കണക്കുകളും പ്രസക്തിയും ചൂണ്ടിക്കാട്ടി പാർട്ടി ഉന്നയിക്കുന്ന വാദങ്ങൾ ഇവയാണ്:
‘മാര്‍ച്ച് ആദ്യം വരെ ലൈഫ് മിഷന് വഴി അനുവദിച്ച 6,04,046 വീടുകളില്‍ 5,00364 വീടുകളാണ് പൂര്‍ത്തിയായിരുന്നത്.
ശേഷിക്കുന്ന 1,03,682 വീടുകള്‍ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലായിരുന്നു. രാജ്യത്ത് സര്‍ക്കാര്‍ ഭവന പദ്ധതിയുടെ ഭാഗമായി ഏറ്റവും ഉയര്‍ന്ന തുക ഏറ്റവുമധികം ആളുകള്‍ക്ക് നല്കിയതും കേരളമാണ്.
പട്ടികവര്‍ഗ സങ്കേതങ്ങളില്‍ 6 ലക്ഷം രൂപയും, ജനറല്‍ വിഭാഗത്തിന് നാല് ലക്ഷം രൂപയുമാണ് കേരളം നല്‍കുന്നത്. ലൈഫ് മിഷനൊപ്പം മറ്റ് മിഷനുകളും പിരിച്ചുവിടുമെന്ന പ്രഖ്യാപനവും നാടിനോടുള്ള വെല്ലുവിളിയാണ്.
കേരളത്തിലെ പച്ചപ്പ് തിരിച്ചുപിടിക്കാനും, വൃത്തിയുള്ള കേരളം സാധ്യമാക്കാനുമുള്ള ഹരിത കേരള മിഷന്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിനായുള്ള ആര്‍ദ്ര കേരള മിഷന് എന്നിവ പിരിച്ചുവിടാനുള്ള നീക്കം യുഡിഎഫിന്റെ കപട രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമാണ്.’ രാഷ്ട്രീയ പ്രേരിതമായ ഈ തീരുമാനങ്ങളിൽ നിന്ന് സർക്കാർ പിന്മാറാൻ തയ്യാറായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് സിപിഎം മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

