ദേശീയപാത വികസനത്തിന്റെ ഭാഗമായി കണ്ണൂർ ബൈപാസിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളിൽ നിർണായക മാറ്റം. വേളാപുരത്ത് റീട്ടെയ്നിങ് വാൾ നിർമിക്കുന്നതിന് പകരം വയഡക്ട് (Viaduct) മാതൃകയിൽ റോഡ് നിർമിക്കാൻ സാധ്യതയേറുന്നു.
തൂണുകളിൽ ഉയർത്തി റോഡ് നിർമിക്കുന്ന ഈ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതോടെ, വേളാപുരം–അരോളി മാങ്കടവ് റോഡിലേക്ക് അടിപ്പാത വേണമെന്ന പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യം കൂടി പരിഹരിക്കപ്പെടും. നിലവിൽ കോട്ടക്കുന്ന് മുതൽ കണ്ണൂർ ഭാഗത്തേക്കുള്ള ദേശീയപാത നിർമാണം ഇതേ രീതിയിലാണ് പുരോഗമിക്കുന്നത്.
പാപ്പിനിശ്ശേരി വേളാപുരം വരെയുള്ള ഭാഗങ്ങളിലും സമാനമായ നിർമാണരീതി പിന്തുടരാനാണ് പുതിയ നിർദേശം. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുത്താണ് ഈ തീരുമാനം.
വേളാപുരം മുതൽ തുരുത്തി വരെയുള്ള പ്രദേശം ചതുപ്പ് നിറഞ്ഞതായതിനാൽ, ഇവിടെ റീട്ടെയ്നിങ് വാൾ നിർമിക്കുന്നത് ഭാവിയിൽ അപകടങ്ങൾക്ക് കാരണമാകുമെന്ന് പാപ്പിനിശ്ശേരി പഞ്ചായത്ത് അധികൃതർ ഒരു വർഷം മുൻപേ പ്രോജക്ട് ഡയറക്ടർക്ക് രേഖാമൂലം മുന്നറിയിപ്പ് നൽകിയിരുന്നു. ചതുപ്പ് നിലങ്ങളിലെ മണ്ണുറപ്പ് കുറവായതിനാൽ, വൻതോതിൽ മണ്ണുയർത്തി നിർമാണം നടത്തുന്നത് മണ്ണിടിച്ചിലിന് ഇടയാക്കുമെന്ന് വിദഗ്ധരും മുന്നറിയിപ്പ് നൽകിയിരുന്നു.
തുടർന്ന് നടത്തിയ മണ്ണുപരിശോധനയിൽ ഈ പ്രദേശം നിർമാണത്തിന് ദുർബലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, നിലവിൽ വളപട്ടണം പാലത്തിന്റെ ഇരുവശങ്ങളിലേക്കും സ്പാനുകൾ നീട്ടി നിർമാണം നടത്താനാണ് തീരുമാനം.
മണ്ണുറപ്പുള്ള ഇടങ്ങളിൽ റീട്ടെയ്നിങ് വാൾ തുടരുമെങ്കിലും, ചതുപ്പ് പ്രദേശങ്ങളിൽ നേരത്തെ റീട്ടെയ്നിങ് വാളുകൾക്കായി നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു കഴിഞ്ഞു. പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപത്തുള്ള അടിപ്പാതയോട് ചേർന്നും സ്പാനുകൾ നീട്ടി പാലം മാതൃകയിൽ നിർമാണം പൂർത്തിയാക്കാനാണ് അധികൃതരുടെ നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

