പുതിയ അധ്യയന വർഷാരംഭത്തിന് മുന്നോടിയായി സംസ്ഥാനത്തെ സ്കൂൾ വിപണി സജീവമായി. കുട്ടികളെ ആകർഷിക്കുന്ന വ്യത്യസ്തമായ പഠനോപകരണങ്ങളുമായാണ് ഇത്തവണ വിപണി സജ്ജമായിരിക്കുന്നത്.
കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഡിജിറ്റൽ പെൻസിൽ ബോക്സുകളും കാർട്ടൂൺ കഥാപാത്രങ്ങൾ പതിച്ച ബാഗുകളും വിപണിയിൽ തരംഗമായി മാറിക്കഴിഞ്ഞു. ബാഗുകൾ, കുടകൾ, ലഞ്ച് ബോക്സുകൾ, വാട്ടർ ബോട്ടിലുകൾ, പാദരക്ഷകൾ, സ്റ്റേഷനറി സാധനങ്ങൾ എന്നിവയ്ക്ക് വലിയ തോതിലുള്ള ആവശ്യക്കാരാണുള്ളത്.
പ്രധാന സൂപ്പർമാർക്കറ്റുകൾ ഇതിനകം തന്നെ പഠനോപകരണങ്ങൾക്കായി പ്രത്യേക കൗണ്ടറുകൾ സജ്ജീകരിക്കുകയും വിവിധ ഓഫറുകൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അടുത്തയാഴ്ചയോടെ കച്ചവടം കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
ഇത്തവണത്തെ പ്രധാന ആകർഷണം ഡിജിറ്റൽ പെൻസിൽ ബോക്സുകളാണ്. ഇതിന്റെ ഡിസ്പ്ലേയിൽ എഴുതാനും വരയ്ക്കാനും സാധിക്കും.
എഴുതിയത് നീക്കം ചെയ്യുന്നതിനായി പ്രത്യേക ബട്ടണും സജ്ജീകരിച്ചിട്ടുണ്ട്. 150 രൂപ മുതലാണ് ഇവയുടെ വില ആരംഭിക്കുന്നത്.
ബാഗുകൾ 300 രൂപ മുതലുള്ള നിരക്കിൽ ലഭ്യമാണ്. 1500 രൂപ മുതൽ വിലയുള്ള ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് ഗുണമേന്മയും ഈടുനിൽപ്പും കണക്കിലെടുത്ത് ആവശ്യക്കാർ ഏറെയാണ്.
ചെറിയ ക്ലാസുകളിലെ കുട്ടികൾക്കായി മാർവൽ, ഡിസ്നി തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങൾ പതിച്ച ബാഗുകൾക്കാണ് വിപണിയിൽ പ്രിയം. മഴക്കാലത്തെ മുൻകൂട്ടി കണ്ട് വർണാഭമായ കുടകൾക്കും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.
250 രൂപ മുതലാണ് കുടകളുടെ വില ആരംഭിക്കുന്നത്. ലഞ്ച് ബോക്സുകൾക്ക് 250 രൂപ മുതലും, വാട്ടർ ബോട്ടിലുകൾക്ക് 100 രൂപ മുതലും, പെൻസിൽ ബോക്സുകൾക്ക് 30 രൂപ മുതലുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.
ഓൺലൈൻ വിപണിയുടെ സാന്നിധ്യവും സ്കൂളുകൾ വഴി നേരിട്ട് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന രീതിയും ചെറുകിട കച്ചവടത്തെ ബാധിക്കുന്നുണ്ടെന്ന അഭിപ്രായം ഉയരുന്നുണ്ടെങ്കിലും, അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് വിപണിയിൽ വരും ദിവസങ്ങളിൽ തിരക്ക് വർധിക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

