ആപ്പ് സ്റ്റോറിലെ പേയ്മെന്റ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ദീർഘകാലമായി തുടരുന്ന നിയമപോരാട്ടത്തിൽ നിർണ്ണായക നീക്കവുമായി ആപ്പിൾ. എപിക് ഗെയിംസുമായുള്ള കേസിൽ തങ്ങൾക്കെതിരായ കോടതിയലക്ഷ്യ വിധിയെ ചോദ്യം ചെയ്തുകൊണ്ട് അമേരിക്കൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ടെക് ഭീമനായ ആപ്പിൾ.
2020-ൽ ആരംഭിച്ച ഈ നിയമതർക്കം ഐഫോൺ ആപ്പ് സ്റ്റോറിലെ ഇൻ-ആപ്പ് പേയ്മെന്റുകൾക്ക് ആപ്പിൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ചൊല്ലിയാണ്. ഫോർട്ട്നൈറ്റ് ഗെയിം നിർമാതാക്കളായ എപിക് ഗെയിംസ്, തങ്ങളുടെ ഇക്കോസിസ്റ്റത്തിലെ ആപ്പ് വിതരണത്തിലും പേയ്മെന്റ് സംവിധാനങ്ങളിലും ആപ്പിൾ നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ അനീതിയാണെന്ന് ആരോപിച്ചാണ് നിയമനടപടി തുടങ്ങിയത്.
2021-ൽ ആന്റിട്രസ്റ്റ് ആരോപണങ്ങളിൽ ഭൂരിഭാഗവും കോടതി തള്ളിയിരുന്നു. എങ്കിലും, ആപ്പ് സ്റ്റോറിന് പുറത്തുള്ള ഇതര പേയ്മെന്റ് സംവിധാനങ്ങളിലേക്ക് ഉപയോക്താക്കളെ നയിക്കുന്ന ലിങ്കുകൾ ഉൾപ്പെടുത്താൻ ആപ്പ് ഡെവലപ്പർമാർക്ക് അനുമതി നൽകണമെന്ന് കോടതി ഉത്തരവിട്ടു.
ഈ ഉത്തരവ് നടപ്പിലാക്കിയെങ്കിലും, പുതിയ നിബന്ധനകൾ ആപ്പിൾ ഏർപ്പെടുത്തുകയുണ്ടായി. ഉപയോക്താവ് ലിങ്ക് വഴി പുറത്തെ പേയ്മെന്റ് സംവിധാനത്തിലൂടെ പർച്ചേസ് നടത്തിയാൽ 27 ശതമാനം കമ്മീഷൻ ഈടാക്കുമെന്നായിരുന്നു ആപ്പിളിന്റെ പുതിയ വ്യവസ്ഥ.
ഇത് കോടതി ഉത്തരവിന്റെ അന്തസത്ത ലംഘിക്കുന്നതാണെന്ന് എപിക് ഗെയിംസ് വാദിച്ചു. തുടർന്ന് 2025-ൽ ഫെഡറൽ ജഡ്ജി ഈ വാദം അംഗീകരിക്കുകയും ആപ്പിളിനെ കോടതിയലക്ഷ്യത്തിന് കുറ്റക്കാരനായി കണ്ടെത്തുകയും ചെയ്തു.
ഈ വിധി ചോദ്യം ചെയ്താണ് ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. എപിക് ഗെയിംസിന് മാത്രം ബാധകമായ കേസിലെ ഉത്തരവ് ദശലക്ഷക്കണക്കിന് ഡെവലപ്പർമാർക്ക് ബാധകമാക്കരുതെന്നും, കോടതി ഉത്തരവിൽ വ്യക്തമായി പരാമർശിക്കാത്ത കാര്യങ്ങളിൽ ശിക്ഷിക്കാൻ കഴിയില്ലെന്നും ആപ്പിൾ വാദിക്കുന്നു.
തങ്ങൾ എല്ലാ കോടതി നിർദ്ദേശങ്ങളും പാലിച്ചിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. അതേസമയം, വിപണിയിലെ മത്സരം തടയുന്നതിനായി ആപ്പിൾ തന്ത്രങ്ങൾ മെനയുകയാണെന്ന് എപിക് ഗെയിംസ് ആരോപിക്കുന്നു.
ഡിജിറ്റൽ പേയ്മെന്റ് വിപണിയിൽ കൂടുതൽ മത്സരം അനിവാര്യമാണെന്നാണ് ഇവരുടെ പക്ഷം. ഡിസംബറിൽ സർക്യൂട്ട് അപ്പീൽ കോടതി ആപ്പിളിനെതിരായ വിധി ശരിവെച്ചിരുന്നു.
അടുത്തിടെ സുപ്രീം കോടതി ആപ്പിളിന്റെ സ്റ്റേ അപേക്ഷ തള്ളുകയും ചെയ്തിരുന്നു. അമേരിക്കൻ ഡിജിറ്റൽ വിപണിയുടെ ഭാവി തീരുമാനിക്കുന്നതിൽ നിർണ്ണായകമാകും ഈ നിയമപോരാട്ടം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

