സംസ്ഥാനത്തെ പ്രമുഖ കന്നുകാലിച്ചന്തകളിലൊന്നായ വാണിയംകുളത്ത് പെരുന്നാൾ പ്രമാണിച്ച് വൻ വ്യാപാരം. വ്യാഴാഴ്ച മാത്രം കോടിക്കണക്കിന് രൂപയുടെ വിനിമയമാണ് ഇവിടെ നടന്നത്.
സാധാരണ ദിവസങ്ങളിൽ പരമാവധി 35 ലോഡ് കന്നുകാലികൾ എത്തുന്ന സ്ഥാനത്ത്, ഇത്തവണ 63 ലോഡുകളാണ് വിൽപനയ്ക്കായി എത്തിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലികളുടെ വരവ് വർധിച്ചത് കച്ചവടത്തിന്റെ വ്യാപ്തിയെ കാര്യമായി സ്വാധീനിച്ചു.
മലപ്പുറം, കോഴിക്കോട്, തൃശൂർ തുടങ്ങിയ ജില്ലകളിൽ നിന്നാണ് കന്നുകാലികളെ തേടി കൂടുതൽ ഇടപാടുകാർ എത്തിയത്. ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലികളാണ് ചന്തയുടെ മുഖ്യ ആകർഷണം.
കഴിഞ്ഞ പെരുന്നാൾ കാലത്തെ അപേക്ഷിച്ച് മികച്ച വ്യാപാരമാണ് ഇത്തവണ രേഖപ്പെടുത്തിയത്. കച്ചവടത്തിരക്ക് കണക്കിലെടുത്ത് തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഇടച്ചന്തകളും ക്രമീകരിച്ചിട്ടുണ്ട്.
ചന്തയിലെ പ്രധാന ആകർഷണമായി മാറിയത് നെല്ലിക്കുറിശ്ശി സ്വദേശി ഷഫീർ വിൽപനയ്ക്കെത്തിച്ച പത്തു ലക്ഷം രൂപ വിലമതിക്കുന്ന മുറ ഇനത്തിൽപ്പെട്ട പോത്താണ്.
മൂന്ന് ദിവസം മുൻപാണ് മഹാരാഷ്ട്രയിൽ നിന്നും ഈ പോത്തിനെ വാണിയംകുളത്ത് എത്തിച്ചത്. 3000 കിലോയിലധികം ഭാരമുള്ള ഈ ഭീമൻ പോത്തിന് എട്ടു ലക്ഷം രൂപ വരെ കച്ചവടക്കാർ വില പറഞ്ഞെങ്കിലും ഷഫീർ വിൽപനയ്ക്ക് തയ്യാറായില്ല.
ഈ ഭീമൻ പോത്തിനെ കാണാൻ ചന്തയിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

