സിപിഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും സംസ്ഥാന നേതൃത്വത്തിനെതിരെയും ശക്തമായ വിമർശനം. എൽഡിഎഫ് സർക്കാരിനെതിരെ നടന്ന ആശാ വർക്കർമാരുടെ സമരം, പിഎം ശ്രീ പദ്ധതി തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാന നേതൃത്വം അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ചുവെന്ന് യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
ഇത്തരത്തിലുള്ള നിലപാടുകൾ മുൻ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കു കനത്ത തിരിച്ചടിയായെന്ന് ജില്ലാ നേതൃത്വം വിലയിരുത്തി. രണ്ടാം പിണറായി സർക്കാരിലെ സിപിഐ മന്ത്രിമാരുടെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തിയാണ് യോഗത്തിൽ ഉയർന്നത്.
അട്ടപ്പാടിയിലെ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ റവന്യൂ വകുപ്പിനുണ്ടായ ഗുരുതരമായ വീഴ്ചകൾ നേതാക്കൾ എടുത്തുപറഞ്ഞു. ഈ വിഷയത്തിൽ റവന്യൂ മന്ത്രിയുടെ ഇടപെടൽ അപര്യാപ്തമായിരുന്നുവെന്നും യോഗം വിലയിരുത്തുകയുണ്ടായി.
കൂടാതെ, നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കൃഷി, സിവിൽ സപ്ലൈസ് വകുപ്പുകൾക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിച്ചില്ലെന്നും, പാർട്ടി കൈകാര്യം ചെയ്ത വകുപ്പുകളിലെ ഭരണനിർവഹണം പൂർണമായും ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരുന്നുവെന്നും യോഗത്തിൽ ആരോപണം ഉയർന്നു. തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളെക്കുറിച്ചും നിർണായക ചർച്ചകൾ യോഗത്തിൽ നടന്നു.
പ്രചാരണം മുഖ്യമന്ത്രിയിൽ മാത്രം കേന്ദ്രീകരിച്ചത് പാർട്ടിക്ക് ഗുണകരമായില്ലെന്നും, മണ്ണാർക്കാട്ടെ പേയ്മെൻ്റ് സീറ്റ് വിവാദം തിരഞ്ഞെടുപ്പ് ഫലത്തെ ദോഷകരമായി ബാധിച്ചുവെന്നും വിമർശനമുയർന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാവില്ലെന്നും, മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും യോഗത്തിൽ പരാമർശമുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

