മകൻ ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ വിവാഹച്ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കുന്ന കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനിശ്ചിതത്വം വ്യക്തമാക്കി. ഇറാനുമായുള്ള യുദ്ധസാഹചര്യവും സമാധാന ചർച്ചകളും ഉൾപ്പെടെയുള്ള അതീവ ഗൗരവകരമായ ദേശീയ സുരക്ഷാ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നതാണ് തന്റെ സാന്നിധ്യത്തിന് തടസ്സമായി നിൽക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
എങ്കിലും, ചടങ്ങിൽ പങ്കെടുക്കാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് ട്രംപ് തന്റെ സാഹചര്യം വിശദീകരിച്ചത്.
‘ഞാൻ വിവാഹത്തിന് എത്തണമെന്ന് അവന് വലിയ ആഗ്രഹമുണ്ട്. ചെറിയ സ്വകാര്യ ചടങ്ങാണ് നടക്കുക.
പരിപാടിയിൽ പങ്കെടുക്കാൻ പരമാവധി ശ്രമിക്കും. എന്നാൽ ഇറാനിൽ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ, വിവാഹത്തിൽ പങ്കെടുക്കാൻ പറ്റിയ നല്ലൊരു സമയമല്ലിത്, അവർക്ക് മികച്ചൊരു ദാമ്പത്യ ജീവിതം ഉണ്ടാകട്ടെ’– ട്രംപ് പറഞ്ഞു.
തനിക്കെതിരെ മാധ്യമങ്ങൾ അനാവശ്യമായ പ്രചാരണം നടത്തുന്നതായും ട്രംപ് കുറ്റപ്പെടുത്തി. ‘യുദ്ധം പ്രതിസന്ധിയിലായ സമയത്തു താൻ കല്യാണത്തിൽ പങ്കെടുത്താൽ മാധ്യമങ്ങൾ അതെങ്ങനെ ചിത്രീകരിക്കുമെന്നതിനെക്കുറിച്ച് തനിക്കു ബോധ്യമുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
‘ഒരിക്കലും ജയിക്കാൻ കഴിയാത്ത ഒരു സാഹചര്യമാണിത്. ഞാൻ വിവാഹത്തിൽ പങ്കെടുത്താലും ഇല്ലെങ്കിലും അവർ എന്നെ കുറ്റപ്പെടുത്തും.
വ്യാജ വാർത്തകൾ നൽകുന്ന മാധ്യമങ്ങളാണിത് ചെയ്യുക, താൻ ഏത് നിലപാടെടുത്താലും മാധ്യമങ്ങൾ വേട്ടയാടും’. 48 കാരനായ ഡോണൾഡ് ട്രംപ് ജൂനിയറിന്റെ വിവാഹം ഈയാഴ്ച നടക്കും.
‘ദി ട്രംപ് ഓർഗനൈസേഷന്റെ’ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ് ട്രംപ് ജൂനിയർ. ബെറ്റിന ആൻഡേഴ്സനാണു വധു.
ബഹാമാസിൽ വെച്ച് മെമ്മോറിയൽ ഡേ വാരാന്ത്യത്തിലാണ് വിവാഹം നടക്കുന്നത്. ഇറാനുമായുള്ള അന്താരാഷ്ട്ര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, വൈറ്റ് ഹൗസിൽ നടത്താനിരുന്ന ചടങ്ങുകൾ പിന്നീട് ബഹാമാസിലെ സ്വകാര്യ ദ്വീപിലേക്ക് മാറ്റിയിരുന്നു.
അതേസമയം, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അമേരിക്കയിൽ, ആഡംബര ചടങ്ങുകളിൽ പ്രസിഡന്റ് പങ്കെടുക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന വിലയിരുത്തലും അദ്ദേഹത്തിന്റെ പിന്മാറ്റത്തിന് പിന്നിലുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

