പൂച്ചാക്കൽ: പെരുമ്പളം പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥക്കെതിരെ വ്യാപക പ്രതിഷേധം. കഴിഞ്ഞ മാർച്ച് 7-ന് ഉദ്ഘാടനം ചെയ്ത പാലത്തിന്റെ ടാറിങ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ രണ്ട് മാസം പിന്നിട്ടിട്ടും ഇഴഞ്ഞുനീങ്ങുകയാണ്.
ഉദ്ഘാടനത്തിന് ശേഷം ടാറിങ് പൂർത്തിയാക്കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല. നിലവിൽ ആദ്യഘട്ട
ടാറിങ് മാത്രമാണ് ഭാഗികമായി പൂർത്തിയായത്. പാലത്തിലും അപ്രോച്ച് റോഡുകളിലും രണ്ടാം ഘട്ട
ടാറിങ് പ്രവൃത്തികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. നിർമാണ പ്രവർത്തനങ്ങൾ നിലവിൽ പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്.
കെൽട്രോണിന് കരാർ നൽകിയെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും, പാലത്തിലും അപ്രോച്ച് റോഡുകളിലും തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ല. കൂടാതെ, പാലത്തിൽ അനധികൃത പാർക്കിങ്ങും കച്ചവടങ്ങളും വർധിച്ചുവരികയാണ്.
ഇതിനെത്തുടർന്ന് ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും പാലത്തിലും സമീപത്തെ കായലിലും തള്ളുന്നത് പതിവാകുന്നു. രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമാണെന്ന പരാതിയും ഉയരുന്നുണ്ട്.
പാലം ഉദ്ഘാടന ദിവസം എറണാകുളം, കോട്ടയം ജില്ലകളിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്തെങ്കിലും, പിന്നീട് സർവീസുകൾ ആരംഭിച്ചിട്ടില്ല. ടാറിങ് പൂർത്തിയായാൽ മാത്രമേ ബസ് സർവീസ് പുനരാരംഭിക്കൂ എന്നാണ് അധികൃതരുടെ നിലപാട്.
അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതാണ് നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെടാൻ കാരണമെന്ന് കരാറുകാർ വ്യക്തമാക്കുന്നു. അതേസമയം, പാലത്തിൽ റോഡ് നിർമാണ യന്ത്രങ്ങളും മെറ്റലുകളും ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത് രാത്രികാലങ്ങളിൽ യാത്രക്കാർക്ക് വലിയ ഭീഷണിയാകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

