ആറന്മുള ഗവ. എച്ച്.എസ്.എസിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിലായി.
സ്കൂളിലെ ഡൈനിങ് ഹാളിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന അങ്കണവാടി മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന് ജില്ലാ പഞ്ചായത്ത്, മല്ലപ്പുഴശ്ശേരി പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, സ്കൂൾ വിദ്യാർത്ഥികളും അങ്കണവാടിയിലെ കുട്ടികളും ഒരുപോലെ ആശങ്കയിലാണ്.
2018-ൽ 9.5 ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഡൈനിങ് ഹാളും കഞ്ഞിപ്പുരയും നിർമിച്ചത്. ഹൈസ്കൂൾ വിഭാഗത്തിലെ 250 ഓളം കുട്ടികളിൽ 187 പേരാണ് ഇവിടെ ഉച്ചഭക്ഷണം കഴിക്കുന്നത്.
എന്നാൽ, അങ്കണവാടിയും കൂടി ഒരേ മുറിയിൽ പ്രവർത്തിക്കുന്നതിനാൽ 50 കുട്ടികൾക്ക് പോലും തികയാത്ത അവസ്ഥയാണുള്ളത്. സ്കൂളിലെ പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടി, അറ്റകുറ്റപ്പണികളെത്തുടർന്നാണ് താൽക്കാലികമായി ഡൈനിങ് ഹാളിലേക്ക് മാറ്റിയത്.
അന്ന് അധികൃതർ നൽകിയ ഉറപ്പ് എട്ടു വർഷമായിട്ടും പാലിക്കപ്പെട്ടില്ല. നിലവിൽ ഏഴ് കുട്ടികളാണ് അങ്കണവാടിയിലുള്ളത്.
അവരുടെ പഠനം, ഭക്ഷണം, കളിസ്ഥലം എന്നിവയെല്ലാം ഈ ഒറ്റ മുറിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്കൂളിൽ പുതിയ കെട്ടിടം നിർമിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല.
അതിനാൽ അങ്കണവാടിക്ക് അനുയോജ്യമായ മറ്റൊരു കെട്ടിടം കണ്ടെത്തി അവിടേക്ക് മാറ്റുക മാത്രമാണ് നിലവിലെ ഏക പോംവഴിയെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇതിനായുള്ള നടപടികൾ സ്വീകരിക്കേണ്ടത് പഞ്ചായത്ത് ഭരണസമിതിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

