ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഇറ്റൂരി പ്രവിശ്യയിലുള്ള എബോള ചികിത്സാ കേന്ദ്രത്തിൽ അക്രമാസക്തരായ ജനക്കൂട്ടം നാശനഷ്ടങ്ങൾ വരുത്തി. വ്യാഴാഴ്ച റാംപാര നഗരത്തിലെ കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
എബോള ബാധിച്ച് മരിച്ചതെന്ന് സംശയിക്കുന്ന ഒരു പ്രാദേശിക ഫുട്ബോൾ കളിക്കാരന്റെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും സുഹൃത്തുക്കളും സംഘടിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. രോഗവ്യാപന സാധ്യത കണക്കിലെടുത്ത്, എബോള ബാധിതരുടെ മൃതദേഹങ്ങൾ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ സംസ്കരിക്കാവൂ എന്ന് അധികൃതർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ, തങ്ങളുടെ പ്രിയപ്പെട്ടവന് അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാത്തത് ക്രൂരതയാണെന്ന് ആരോപിച്ചാണ് ഒരു കൂട്ടം യുവാക്കൾ കേന്ദ്രത്തിലേക്ക് ഇരച്ചുകയറിയത്. അക്രമികൾ കെട്ടിടത്തിനുള്ളിലെ ഉപകരണങ്ങൾ തല്ലിത്തകർക്കുകയും എബോള രോഗികൾക്കായി ഒരുക്കിയിരുന്ന ടെന്റുകൾക്ക് തീയിടുകയും ചെയ്തു.
ഈ അക്രമത്തിനിടെ സംസ്കരിക്കാൻ സൂക്ഷിച്ചിരുന്ന മൃതദേഹം പൂർണ്ണമായും കത്തിയമർന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തെങ്കിലും അക്രമം തടയാനായില്ല.
സംഭവത്തെ തുടർന്ന് സന്നദ്ധപ്രവർത്തകർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
എബോള പ്രതിരോധ പ്രവർത്തനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരെ പ്രദേശവാസികൾക്കിടയിൽ നിലനിൽക്കുന്ന കടുത്ത അവിശ്വാസമാണ് ഈ സംഭവം വെളിപ്പെടുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

