പൂച്ചാക്കൽ: ആയിരക്കണക്കിന് ആളുകൾക്ക് യാത്രാസൗകര്യമൊരുക്കിയ പെരുമ്പളം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ചതായി പരാതി. കഴിഞ്ഞ മാർച്ച് 7-ന് ഉദ്ഘാടനം ചെയ്ത പാലത്തിന്റെ ടാറിങ് പ്രവൃത്തികൾ ഇതുവരെ പൂർത്തിയായിട്ടില്ല.
ഉദ്ഘാടനത്തിന് ശേഷം ടാറിങ് ആരംഭിക്കുമെന്നും ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നുമായിരുന്നു അധികൃതരുടെ ഉറപ്പ്. എന്നാൽ രണ്ട് മാസം പിന്നിട്ടിട്ടും ഭാഗികമായ ടാറിങ് മാത്രമാണ് നടന്നിട്ടുള്ളത്.
പാലത്തിലും അപ്രോച്ച് റോഡുകളിലും രണ്ടാം ഘട്ട ടാറിങ് പ്രവൃത്തികൾ ഇപ്പോഴും തുടങ്ങിയിട്ടില്ല.
നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാകാൻ അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതാണ് കാരണമെന്നാണ് കരാറുകാരുടെ വിശദീകരണം. റോഡ് നിർമ്മാണ യന്ത്രങ്ങളും നിർമ്മാണ സാമഗ്രികളും പാലത്തിൽ തന്നെ കൂട്ടിയിട്ടിരിക്കുന്നത് രാത്രികാലങ്ങളിൽ അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്.
കൂടാതെ, പാലത്തിലും അപ്രോച്ച് റോഡിലും തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടില്ല. കെൽട്രോണിനാണ് ഇതിന്റെ കരാർ നൽകിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചെങ്കിലും തുടർനടപടികൾ എങ്ങുമെത്തിയില്ല.
പാലത്തിൽ അനധികൃത പാർക്കിംഗും കച്ചവടവും തടസ്സമില്ലാതെ തുടരുന്നു. ഇതിനെത്തുടർന്ന് ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പാലത്തിലും സമീപത്തെ കായലിലും നിക്ഷേപിക്കുന്നത് പതിവായി മാറിയിട്ടുണ്ട്.
രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധശല്യം വർദ്ധിക്കുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. പാലം ഉദ്ഘാടന ദിവസം എറണാകുളം, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തിരുന്നെങ്കിലും പിന്നീട് സർവീസുകൾ മുടങ്ങി.
ടാറിങ് പൂർത്തിയാക്കിയ ശേഷം മാത്രമേ ബസ് സർവീസ് പുനരാരംഭിക്കുകയുള്ളൂ എന്നാണ് അധികൃതരുടെ നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

