തിരുവനന്തപുരം: നിയമസഭയിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് മുന്നോടിയായി ശ്രദ്ധേയമായ കൂടിക്കാഴ്ചകൾ അരങ്ങേറി. തളിപ്പറമ്പ് എംഎൽഎ ടി.കെ.ഗോവിന്ദൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അടുത്തേക്ക് നേരിട്ടെത്തി ഹസ്തദാനം നൽകി അഭിവാദ്യം ചെയ്തു.
ഇതിനുശേഷമാണ് അദ്ദേഹം തന്റെ സത്യപ്രതിജ്ഞാ കർമ്മം നിർവഹിച്ചത്. സഗൗരവമായിരുന്നു ടി.കെ.ഗോവിന്ദന്റെ സത്യപ്രതിജ്ഞ.
പ്രോ ടേം സ്പീക്കർ ജി.സുധാരകനെയും ഗോവിന്ദൻ അഭിവാദ്യം ചെയ്യുകയുണ്ടായി. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോടിയേരി ബാലകൃഷ്ണന്റെ വസതിയിൽ ടി.കെ.ഗോവിന്ദൻ സന്ദർശനം നടത്തിയത് നേരത്തെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരുന്നു.
ഭാര്യയ്ക്കൊപ്പം കോടിയേരിയുടെ വസതിയിലെത്തിയ ഗോവിന്ദൻ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. കൂടാതെ, കോടിയേരിയുടെ വീട്ടിലെ ഓർമ ചിത്രങ്ങളും മ്യൂസിയവും അദ്ദേഹം സന്ദർശിച്ചു.
പാർട്ടിയിൽ നിന്നും പുറത്തുവന്ന്, പാർട്ടിക്കെതിരെ മത്സരിച്ച് വിജയിച്ച ഒരു നേതാവ് സി.പി.എം നേതാവിന്റെ വസതിയിലെത്തുന്നത് അപൂർവ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ.ഗോവിന്ദൻ അപ്രതീക്ഷിതമായാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരരംഗത്തേക്ക് എത്തിയത്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സിറ്റിങ് സീറ്റായ തളിപ്പറമ്പിൽ അദ്ദേഹത്തിന് പകരം ഭാര്യ പി.കെ.ശ്യാമളയെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചതാണ് ടി.കെ.ഗോവിന്ദനെ പാർട്ടിയുമായി ഇടയാക്കിയത്. ആറു പതിറ്റാണ്ടുകാലം പാർട്ടിയിൽ പ്രവർത്തിച്ച ടി.കെ.ഗോവിന്ദൻ ശ്യാമളയ്ക്കെതിരെ സ്വതന്ത്രനായി രംഗത്തിറങ്ങിയത് പ്രവർത്തകരിലും നേതാക്കളിലും വലിയ അത്ഭുതമുണ്ടാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തളിപ്പറമ്പിൽ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. ടി.കെ.ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ നശിപ്പിക്കപ്പെടുകയും ബാനറുകൾ നീക്കം ചെയ്യപ്പെടുകയും ചെയ്തു.
പോളിങ് സ്റ്റേഷനിലെത്തിയ ഗോവിന്ദനെതിരെ ഒരു വിഭാഗം പ്രതിഷേധ പ്രകടനങ്ങളും നടത്തിയിരുന്നു. അധികാരത്തോടുള്ള വല്ലാത്ത ഭ്രമമാണ് ടി.കെ.ഗോവിന്ദനെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പ്രതികരിച്ചിരുന്നു.
പിണറായി വിജയനും പാർട്ടിക്കുമെതിരെ കടുത്ത വിമർശനങ്ങളാണ് ടി.കെ.ഗോവിന്ദൻ ഉന്നയിച്ചത്. ഇടതുപക്ഷം അഴിച്ചുപണി നടത്തിയില്ലെങ്കിൽ പാർട്ടിയുടെ അവസ്ഥ ഇനിയും പരിതാപകരമാകുമെന്നും ബിജെപി നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

