കാസർകോട് ജില്ലയിലെ നിർണായക പാതയായ ചെർക്കള – കല്ലട്ക്ക റോഡിന്റെ നവീകരണത്തിനായി 29.83 കോടി രൂപയുടെ കിഫ്ബി ടെൻഡർ നടപടികൾക്ക് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അംഗീകാരം നൽകി. കിഫ്ബി പദ്ധതികളുടെ ഭാവി സംബന്ധിച്ച സർക്കാർ തലത്തിലുള്ള നയപരമായ തീരുമാനങ്ങൾ ഉടൻ പ്രതീക്ഷിക്കുന്ന ഘട്ടത്തിലാണെങ്കിലും, ഈ പാതയുടെ പ്രാധാന്യം കണക്കിലെടുത്താണ് മുഖ്യമന്ത്രി പ്രത്യേക അനുമതി നൽകിയത്.
നിലവിൽ ടെൻഡർ നടപടികൾ പൂർത്തിയായ കിഫ്ബി പ്രവൃത്തികൾ തുടർന്ന് നടപ്പിലാക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം 27-ന് സർക്കാർ കൈക്കൊള്ളുമെന്നാണ് സൂചന. സംസ്ഥാനാന്തര പാതയായ ചെർക്കള – കല്ലട്ക്ക റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് നിയുക്ത എംഎൽഎ കല്ലട്ര മാഹിൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു.
പ്രസ്തുത പദ്ധതിയുടെ ഭാഗമായി റോഡ് ബിറ്റുമിൻ കോൺക്രീറ്റ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. കാലവർഷം ശക്തിപ്രാപിക്കുന്നതിന് മുൻപായി റോഡിലെ കുഴികൾ അടിയന്തരമായി അടച്ചു തീർത്തില്ലെങ്കിൽ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും യാത്രാദുരിതം പരിഹരിക്കുന്നതിനും വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

