മുംബൈയിൽ ദാവൂദ് ഇബ്രാഹിമും ഛോട്ടാ രാജനുമെല്ലാം ഉണ്ടാക്കിയ ഭീതിക്ക് സമാനമായി, ഇന്നത്തെ കാലത്ത് ബോളിവുഡ് സിനിമാലോകത്തിന്റെ പ്രധാന പേടിസ്വപ്നമായി പുതിയ ഗുണ്ടാസംഘങ്ങൾ മാറിവരികയാണ്. ഇവരുടെ തോക്കിൻമുനയിൽ നിന്ന് വലിയ നടന്മാരും സംവിധായകരുമാണ് ആശങ്കയോടെ ജീവിക്കുന്നത്.
നടൻ ജാക്കി ഷ്റോഫിന്റെ മകനും പ്രമുഖ നടനുമായ ടൈഗർ ഷ്റോഫ് ഞായറാഴ്ചയുണ്ടായ വെടിവയ്പിൽനിന്നു തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ബോളിവുഡിന്റെ സൂപ്പർതാരം സൽമാൻ ഖാൻ ഏറെക്കാലമായി ബിഷ്ണോയ് സംഘത്തെ ഭയന്ന് പൊലീസിന്റെ അതീവ സുരക്ഷയിലാണ് കഴിയുന്നത്.
പ്രശസ്ത സംവിധായകൻ രോഹിത് ഷെട്ടിയെയും ഈ സംഘം ലക്ഷ്യമിട്ടിരുന്നു. ഇതിനുപുറമെ, നടൻ രൺവീർ സിങ്ങിനു നേരെയും തുടർച്ചയായ ഭീഷണികൾ ഉണ്ടായിരുന്നു.
കാനഡയിലെ കോഫി ഷോപ്പിനു നേരെ വെടിയുതിർത്താണ് പ്രശസ്ത ഹാസ്യനടൻ കപിൽ ശർമയെയും ഇവർ ഭയപ്പെടുത്തിയത്. 11 സംസ്ഥാനങ്ങളിലായി ബിഷ്ണോയ് സംഘത്തിന് 700 ഷൂട്ടർമാരുണ്ടെന്നാണു രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരം.
ഇതിൽ 300 പേരും പഞ്ചാബിലാണ് പ്രവർത്തിക്കുന്നത്. ഇവരിൽ പലരും അതതു പ്രദേശങ്ങളിലെ ചെറുകിട
ഗുണ്ടകൾ മാത്രമാണ്. ടൈഗർ ഷ്റോഫിനു നേരെ വെടിയുതിർത്ത കേസിൽ അറസ്റ്റിലായ 3 പേരിൽ ഒരാൾ ഓൺലൈൻ ടാക്സി ബൈക്ക് ഡ്രൈവറും മറ്റു 2 പേർ സാധാരണ ജോലികൾ ചെയ്യുന്നവരുമാണ്.
ബോളിവുഡ് താരങ്ങൾക്കു നേരെ ഇത്തരം ചെറിയ ആളുകളെ ഉപയോഗിച്ച് വെടിവയ്പ് നടത്തിയശേഷം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതാണ് ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ പതിവ് രീതി. ചില സന്ദർഭങ്ങളിൽ പ്രൊഫഷണൽ ഷാർപ് ഷൂട്ടർമാരെയും ഇവർ കൃത്യത്തിനായി നിയോഗിക്കാറുണ്ട്.
മഹാരാഷ്ട്ര മുൻമന്ത്രി ബാബാ സിദ്ദിഖി, പഞ്ചാബി ഗായകൻ സിദ്ദു മൂസാവാല, കർണിസേന തലവൻ സുഖ്ദേവ് സിങ് എന്നിവരുടെ കൊലപാതകങ്ങളാണ് ബിഷ്ണോയ് സംഘത്തെ രാജ്യവ്യാപകമായി കുപ്രസിദ്ധരാക്കിയത്. ടൈഗർ ഷ്റോഫ് പ്രമുഖ ആക്ഷൻ താരമായ ടൈഗർ ഷ്റോഫ് തയ്ക്വാൻഡോയിൽ 5ാം ഡിഗ്രി ബ്ലാക്ക് ബെൽറ്റ് നേടിയ വ്യക്തിയാണ്.
സിനിമയിലെ ഫൈറ്റ് സീനുകൾ ഡ്യൂപ് ഇല്ലാതെ ചെയ്യാൻ അദ്ദേഹം മിടുക്കനാണ്. 2014ൽ പുറത്തിറങ്ങിയ ‘ഹീറോപന്തി’ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് കടന്നുവന്നത്.
തുടർന്ന് ബാഗി, ബാഗി 2, വാർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ഒരു ആക്ഷൻ ഹീറോ പരിവേഷം നേടിയെടുത്തു. സൽമാൻ ഖാനുമായി അടുത്ത സൗഹൃദമുള്ള വ്യക്തിയാണ് ടൈഗർ.
ടൈഗറിന്റെ പിതാവായ ജാക്കി ഷ്റോഫ് സൽമാന്റെ ഉറ്റ സുഹൃത്തുമാണ്. ക്രിമിനൽ സംഘത്തലവനായത് കോൺസ്റ്റബിളിന്റെ മകൻ ഹരിയാന പൊലീസ് കോൺസ്റ്റബിളിന്റെ മകനായി പഞ്ചാബിലാണ് ലോറൻസ് ബിഷ്ണോയിയുടെ ജനനം.
2009 ൽ ചണ്ഡിഗഡിൽ നിയമപഠനം നടത്തുന്നതിനിടയിൽ യൂണിയൻ പ്രസിഡന്റിനു നേരെയാണ് അദ്ദേഹം ആദ്യമായി വെടിയുതിർത്തത്. പിന്നീട് ജയിലിൽ നിന്നിറങ്ങിയതോടെയാണ് അദ്ദേഹത്തിന് പൂർണ്ണമായും ഗുണ്ടാപരിവേഷം ലഭിച്ചത്.
വിദ്യാർഥി സംഘടനകളിൽ സജീവമായിരുന്നെങ്കിലും ക്രിമിനൽ പ്രവർത്തനങ്ങൾ കൂടിയതോടെ അദ്ദേഹം പഠനം ഉപേക്ഷിക്കുകയായിരുന്നു. സഹപാഠിയായിരുന്ന ഗോൾഡി ബ്രാർ എന്നറിയപ്പെടുന്ന സതീന്ദർജിത് സിങ്ങും (ഇപ്പോൾ വിദേശത്ത്) ബിഷ്ണോയ്ക്ക് ഒപ്പം ചേർന്നു പ്രവർത്തിച്ചു.
ഇയാളുടെ സഹോദരൻ അൻമോൽ ബിഷ്ണോയിയും പിന്നാലെ ലോറൻസിന്റെ പാതയിലേക്ക് തിരിഞ്ഞു. ഓപ്പറേഷൻ ജയിലിൽനിന്ന് ലോറൻസ് ബിഷ്ണോയ് ഇപ്പോൾ ഗുജറാത്തിലെ സബർമതി ജയിലിലും സഹോദരൻ അൻമോൽ ഡൽഹി തിഹാർ ജയിലിലുമാണ് ഉള്ളത്.
അവിടെയിരുന്നുകൊണ്ട് വിശ്വസ്തരായ കൂട്ടാളികൾ വഴി ഇരുവരും ചേർന്ന് ഈ ക്രിമിനൽ സംഘത്തെ ഫലപ്രദമായി നിയന്ത്രിക്കുന്നു. ഇന്ത്യയിലേക്കുള്ള മയക്കുമരുന്ന് കടത്തിലും ഈ സംഘത്തിന് നേരിട്ട് പങ്കുണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കാനഡ, യുഎസ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും ഈ സംഘത്തിന്റെ പ്രവർത്തനം സജീവമാണ്. തൊണ്ണൂറുകളുടെ അവസാനം അധോലോക സംഘങ്ങളുടെ സ്വാധീനം കുറഞ്ഞതോടെ ശാന്തമായ മുംബൈ നഗരത്തിൽ, ഏതാനും വർഷം മുൻപാണു ബിഷ്ണോയ് സംഘം വീണ്ടും സജീവമായത്.
സൽമാൻ ഖാനെതിരെ പരസ്യമായി യുദ്ധം പ്രഹഖ്യാപിച്ച ഈ സംഘം, അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തികൾക്കു നേരെയും തിരിയുകയായിരുന്നു. ബിഷ്ണോയ് സമുദായം ഏറെ പവിത്രമായി കാണുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവമാണ് സൽമാൻ ഖാനോടുള്ള കടുത്ത പകയ്ക്ക് കാരണം.
2024 ൽ സൽമാൻ ഖാന്റെ വസതിക്കു നേരെയും ഇവർ വെടിയുതിർത്തിരുന്നു. പിന്നീട് സൽമാന്റെ അടുത്ത സുഹൃത്തും മുൻമന്ത്രിയുമായ ബാബാ സിദ്ധിഖിയെ ബാന്ദ്രയിൽ വെടിവച്ചു കൊലപ്പെടുത്തിയ സംഭവം നഗരത്തെ ഒന്നടങ്കം ഞെട്ടിച്ചു.
ബോളിവുഡിലെ പ്രധാന വെടിയൊച്ചകൾ
∙ 1994: നിർമാതാവ് ജാവേദ് റിയാസ് സിദ്ദിഖി കൊല്ലപ്പെട്ടു.
∙ 1997: നിർമാതാവ് മുകേഷ് ദുഗ്ഗൽ കൊല്ലപ്പെട്ടു.
∙ 1997: സിനിമ, സംഗീത ആൽബ നിർമാതാവ് ഗുൽഷൻ കുമാർ കൊല്ലപ്പെട്ടു.
∙ 1999: നിർമാതാവ് മൻമോഹൻ ഷെട്ടിക്കു നേരെ ആക്രമണം നടന്നു.
∙ 2000: സംവിധായകനും നിർമാതാവുമായ രാകേഷ് റോഷന് വെടിവയ്പിൽ പരുക്കേറ്റു.
∙ 2001: നടനും നിർമാതാവുമായ ദിനേശ് ആനന്ദ് വെടിയേറ്റു മരിച്ചു.
∙ 2024: നടൻ സൽമാൻ ഖാന്റെ വസതിക്കു നേരെ ബിഷ്ണോയ് സംഘത്തിന്റെ വെടിവയ്പ്.
∙ 2026: സംവിധായകനും നിർമാതാവുമായ രോഹിത് ഷെട്ടിയുടെ വീടിനു നേരെ വെടിവയ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

