അടിമാലി മേഖലയിലെ ഗതാഗത വികസനവുമായി ബന്ധപ്പെട്ട് സുപ്രധാനമായ ഒരു ആവശ്യം വീണ്ടും ശക്തമാവുകയാണ്. ഇരുന്നൂറേക്കർ– മെഴുകുംചാൽ റോഡ് പൂർണമായും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിന് ജനപ്രതിനിധികൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
ആകെ 12 കിലോമീറ്റർ ദൂരം വരുന്ന ഈ റോഡിൽ ഇരുന്നൂറേക്കർ മുതൽ മന്നാങ്കാല വരെയുള്ള ദൂരവും കോയിക്കക്കുടിയിൽ 50 മീറ്റർ ദൂരവും മാത്രമാണ് നിലവിൽ പിഡബ്ല്യുഡി ഏറ്റെടുത്തിട്ടുള്ളത്. എന്നാൽ, ശേഷിക്കുന്ന ഭാഗം യാതൊരുവിധ അവകാശികളുമില്ലാതെ തകർന്നു കിടക്കുന്ന അവസ്ഥയിലാണ്.
രണ്ട് പ്രധാന ദേശീയ പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സമാന്തര പാതയോടുള്ള അധികൃതരുടെ നിരന്തരമായ അവഗണനയാണ് പ്രദേശത്ത് പ്രതിഷേധം ശക്തമാകുവാൻ കാരണം. കാർഷിക മേഖലകളിലൂടെ കടന്നുപോകുന്ന ഈ റോഡ് അടിമാലി പഞ്ചായത്തിലെ 6 വാർഡുകളിലെ ജനങ്ങൾക്കും വിവിധ ആദിവാസി ഉന്നതിയിലെ ജനവിഭാഗങ്ങൾക്കും ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ്.
കേന്ദ്രാവിഷ്കൃത ഫണ്ടിൽപെടുത്തി 10 വർഷം മുൻപ് റോഡിന്റെ ടാറിങ് ജോലികൾ നടത്തുവാൻ പൊതുമരാമത്ത് അധികൃതർ നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും, അതിന്റെ പൂർത്തീകരണം ഇതുവരെ സാധ്യമായിട്ടില്ല. ഇതിനെ തുടർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു നാട്ടുകാർ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഒരു വർഷം മുൻപ് മുൻ എംഎൽഎ എ.രാജ, ത്രിതല പഞ്ചായത്തുമായി ബന്ധപ്പെട്ടുള്ള 4 ജനപ്രതിനിധികൾ എന്നിവർ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് റോഡിന്റെ നിർമാണ ജോലികൾ പിന്നീട് നടത്തിയത്. എന്നാൽ നിർമാണ ജോലികൾ നടത്തുന്നതിനുള്ള ഫണ്ട് അപര്യാപ്തമായിരുന്നതിനാൽ, പണികൾ നടത്തിയ പലയിടങ്ങളും ഇതിനോടകം പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന സ്ഥിതിയാണുള്ളത്.
വർഷങ്ങൾക്കു മുൻപ് ഇരുമ്പുപാലത്തു നിന്ന് ഇതുവഴി അടിമാലിക്ക് സ്വകാര്യ ബസ് സർവീസ് നടത്തിയിരുന്നു. എന്നാൽ റോഡിന്റെ ശോചനീയാവസ്ഥയെ തുടർന്ന് ബസ് ഗതാഗതത്തിന് ഫിറ്റ്നസ് ലഭിക്കാതെ വന്നതോടെ ഈ സർവീസും പൂർണമായി ഉപേക്ഷിക്കുകയുണ്ടായി.
ഇതോടെ പ്രദേശത്ത് രൂക്ഷമായ യാത്രാക്ലേശമാണ് അനുഭവപ്പെടുന്നത്. യാത്രാാവശ്യങ്ങൾക്കായി ഇപ്പോൾ പ്രധാനമായും ഓട്ടോറിക്ഷകളെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്.
ഇതുമൂലം ദിനംപ്രതി യാത്ര ചെയ്യേണ്ടി വരുന്ന വിദ്യാർഥികളാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. രണ്ട് ദേശീയ പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സമാന്തര പാത
കൊച്ചി– ധനുഷ്കോടി, അടിമാലി– കുമളി ദേശീയ പാതകളുടെ പ്രധാന സമാന്തര പാതയാണ് ഇരുമ്പുപാലം– ഇരുന്നൂറേക്കർ റോഡ്.
ദേശീയ പാതയിൽ അടിമാലി മേഖലയിൽ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടായാൽ ഗതാഗതം എളുപ്പത്തിൽ തിരിച്ചു വിടാൻ സാധിക്കുന്ന ഒരു പാത കൂടിയാണിത്. തമിഴ്നാട്ടിൽ നിന്ന് ബോഡിമെട്ട് വഴി കൊച്ചിയിലേക്കും മറ്റും പോകുന്ന വലിയ വാഹനങ്ങൾക്ക് അടിമാലി ടൗണിൽ എത്താതെ തന്നെ ഇരുന്നൂറേക്കറിൽ നിന്ന് ഇരുമ്പുപാലത്ത് എത്തിച്ചേരാൻ ഇതുവഴി സാധിക്കും.
ഇതോടൊപ്പം ശാന്തൻപാറ, രാജകുമാരി, രാജാക്കാട്, വെള്ളത്തൂവൽ, കൊന്നത്തടി വാത്തിക്കുടി, നെടുങ്കണ്ടം പഞ്ചായത്തുകളിൽ നിന്നുള്ളവർക്കും അടിമാലി ടൗണിൽ പ്രവേശിക്കാതെ കോതമംഗലം, തൊടുപുഴ ഭാഗത്തേക്ക് വേഗത്തിൽ കടന്നു പോകാൻ കഴിയുന്ന സമാന്തര പാതയാണിത്. ഇത്തരം നിർണായകമായ സാഹചര്യങ്ങൾ കണക്കിലെടുത്ത്, റോഡ് പിഡബ്ല്യുഡി ഏറ്റെടുക്കുന്നതിന് എഫ്.രാജ എംഎൽഎ മുൻകൈ എടുക്കണമെന്ന ആവശ്യം ഇപ്പോൾ ശക്തമായി ഉയർന്നു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

