മലപ്പുറം വണ്ടൂരിൽ ചോക്കാട് ടികെ കോളനിയിലെ കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം അഞ്ചായി ഉയർന്നു. ദുരന്തത്തിൽ ഇതുവരെ അഞ്ച് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഇന്ന് വണ്ടൂർ സ്വദേശി കുപ്പനത്ത് സജാദ് (23), കരുവാരകുണ്ട് തരിശ് സ്വദേശി സ്രാമ്പിക്കൽ റഹീം (30) എന്നിവരുടെ മൃതദേഹങ്ങളാണ് പുതുതായി കണ്ടെടുത്തത്. ഇതിനുപുറമേ, കോട്ടക്കൽ എടരിക്കോട് സ്വദേശി മങ്ങാടൻ ഹമീദിന്റെ മകൻ അനസ് യാസീൻ (25), തിരൂർ സ്വദേശി പരന്നപറമ്പൻ മുഹമ്മദ് കുട്ടി (65), കുറ്റിപ്പുറം സ്വദേശി റഹീം എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ തന്നെ കണ്ടെടുത്തിരുന്നു.
നിലവിൽ കണ്ടെടുത്തവരിൽ ഒരു മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കണ്ടെടുത്ത എല്ലാ മൃതദേഹങ്ങളും തുടർനടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രദേശവാസിയായ സജിത എന്ന സ്ത്രീയും വെള്ളപ്പൊക്കത്തിൽ ഒഴുക്കിൽപ്പെട്ടതായി സംശയമുണ്ട്. ഞായറാഴ്ച വൈകീട്ട് 5 മണിയോടെയാണ് കോഴിപ്ര മലവാരത്തിൽ പെയ്ത കനത്ത മഴയെ തുടർന്ന് കോട്ടപ്പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായത്.
വിവരമറിഞ്ഞ ഉടൻ തന്നെ നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും സംയുക്തമായി സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. സംഭവസ്ഥലത്ത് രാത്രി തന്നെ മന്ത്രി എ.പി.
അനിൽകുമാർ, ആര്യാടൻ ഷൗക്കത്ത് എംഎൽഎ എന്നിവരെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രാവിലെ തന്നെ തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും കാണാതായ മുഴുവൻ ആളുകളെയും കണ്ടെത്തുന്നതുവരെ രക്ഷാപ്രവർത്തനം ശക്തമായി തുടരുമെന്നും മന്ത്രി എ.പി.
അനിൽകുമാർ വ്യക്തമാക്കി.

