ഇടുക്കിയുടെ മലനിരകളിലെ മനോഹരമായ കാഴ്ചകൾ സഞ്ചാരികൾക്ക് മുന്നിലേക്ക് എത്തിക്കാനായി പുതിയ പദ്ധതിയുമായി കഞ്ഞിക്കുഴി പഞ്ചായത്തിലെ യുവജന കൂട്ടായ്മ രംഗത്ത്. കാടും മലകളും വെള്ളച്ചാട്ടങ്ങളും പുഴകളും നദിയിലെ കുളിയുമെല്ലാം ഉൾപ്പെടുത്തി കീരിത്തോട് കേന്ദ്രീകരിച്ചാണ് പുതിയ ജീപ്പ് സഫാരി ടൂറിസം പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
ആഭ്യന്തര ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ്വ് നൽകുന്നതിനൊപ്പം പ്രദേശത്തിന്റെ സമഗ്ര വികസനവും നാട്ടുകാർക്ക് പുതിയ തൊഴിലവസരങ്ങളും വരുമാനവും ഉറപ്പാക്കുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ട
പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിച്ചാണ് യാത്രാപാതകൾ തയ്യാറാക്കിയിരിക്കുന്നത്. പുന്നയാർ വെള്ളച്ചാട്ടം, മക്കുവള്ളി, മാക്കുപാറ, മാമച്ചൻപാറ വ്യൂ പോയിന്റ്, ചെമ്പകപ്പാറ വ്യൂ പോയിന്റ്, ആറാംകൂപ്പ് വ്യൂ പോയിന്റ് തുടങ്ങിയ പ്രധാന സ്ഥലങ്ങളിലൂടെയാണ് യാത്ര കടന്നുപോകുന്നത്.
വനപ്രദേശത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന മക്കുവള്ളിയുടെ ഗ്രാമീണ സൗന്ദര്യവും, മാക്കുപാറയിലെ വനപാതകളിലൂടെയുള്ള യാത്രയും, മാമച്ചൻകുന്നിലെ വിശാലമായ കാഴ്ചകളും സഞ്ചാരികൾക്ക് സവിശേഷമായ അനുഭവം സമ്മാനിക്കും. ഇതിനുപുറമെ, പുന്നയാർ വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗിയും ആറാംകൂപ്പ് വ്യൂ പോയിന്റിൽ നിന്നുള്ള മലനിരകളുടെ വിസ്മയ കാഴ്ചകളും ഒരേ യാത്രയിൽ ആസ്വദിക്കാൻ സാധിക്കും.
ഇതിനോടൊപ്പം നദിയിലെ നീരാട്ടിനും പാക്കേജിൽ പ്രത്യേക അവസരമൊരുക്കിയിട്ടുണ്ട്. വെറും നാലായിരം രൂപയ്ക്ക് പ്രകൃതിയോട് ഇണങ്ങിനിന്നുകൊണ്ടുള്ള ഒരു യാത്രയാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.
ജീപ്പ് സഫാരിയിലൂടെ ഇടുക്കിയുടെ ഉൾപ്രദേശങ്ങളിലേക്ക് സഞ്ചരിച്ച്, സാധാരണ യാത്രകളിൽ ലഭ്യമാകാത്ത പ്രകൃതിദൃശ്യങ്ങൾ നേരിൽ കാണാൻ സന്ദർശകർക്ക് അവസരമൊരുങ്ങുന്നു. യാത്രാവേളയിലെ കൃത്യമായ ദൈർഘ്യം, ലഭിക്കുന്ന സേവനങ്ങൾ, സഞ്ചാരികളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ ബുക്കിങ് നടത്തുന്നതിന് മുൻപായി സംഘാടകരുമായി സംസാരിച്ച് ഉറപ്പുവരുത്തേണ്ടതാണ്.
പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള ഉത്തരവാദിത്ത ടൂറിസത്തിനാണ് ഈ പദ്ധതിയിൽ മുൻഗണന നൽകിയിട്ടുള്ളത്. വനമേഖലകളിലൂടെയുള്ള സഞ്ചാരത്തിന് ബന്ധപ്പെട്ട
വകുപ്പുകളുടെ അനുമതിയും കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും പൂർണ്ണമായും പാലിച്ചാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്നാറിനും ഇടുക്കിക്കും ഇടയിലുള്ള കീരിത്തോട് കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന ഈ സംരംഭം സഞ്ചാരികൾക്ക് തികച്ചും വ്യത്യസ്തമായ ഒരു യാത്രാാനുഭവമായിരിക്കും നൽകുക.
പ്രകൃതി സൗന്ദര്യത്തെ തൊഴിലിനും വരുമാനത്തിനുമുള്ള മാർഗ്ഗമാക്കി മാറ്റുന്നതിനൊപ്പം, സ്വന്തം നാടിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് മുന്നിട്ടിറങ്ങുന്ന യുവതലമുറയുടെ മാതൃകാപരമായ ചുവടുവയ്പ്പ് കൂടിയാണിത്. ഇടുക്കിലെത്തുന്നവർക്ക് ഇതുവരെ പരിചിതമല്ലാത്ത, അധികമാരും സഞ്ചരിച്ചിട്ടില്ലാത്ത മലമടക്കുകളിലൂടെയുള്ള യാത്രയ്ക്കാണ് ഇതിലൂടെ കളമൊരുങ്ങുന്നത്.
പ്രകൃതിയുടെ കാഴ്ചകൾ ആസ്വദിക്കുന്നതിലുപരി ഇടുക്കിയുടെ ഹൃദയമിടിപ്പ് അടുത്തറിയാൻ സഹായിക്കുന്ന ഈ യാത്രയെക്കുറിച്ച് കൂടുതൽ അറിയാനും ബുക്കിങ്ങിനുമായി 95449 09800 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

