ആലപ്പുഴ: വേമ്പനാട് കായലിൽ കന്നിട്ടജെട്ടിക്കു സമീപം പുരവഞ്ചിക്ക് തീപിടിച്ച് പൂർണമായും കത്തിയമർന്നു. അപകടത്തിൽ കത്തിനശിച്ച പുരവഞ്ചി പിന്നീട് കായലിൽ മുങ്ങിത്താഴുകയും ചെയ്തു.
ഞായറാഴ്ച രാത്രി എട്ടോടെയാണ് ചുങ്കം പള്ളാത്തുരുത്തി വട്ടപ്പറമ്പിൽ ക്ഷേത്രത്തിനു തെക്കുവശത്തായി ഈയപകടം സംഭവിച്ചത്. അപകടം നടക്കുമ്പോൾ പുരവഞ്ചിയിൽ അതിഥികൾ ആരും തന്നെ ഉണ്ടായിരുന്നില്ല.
എന്നാൽ ജീവനക്കാർ സംഭവസ്ഥലത്തുണ്ടായിരുന്നുവെങ്കിലും തീ പടരുന്നത് കണ്ട് ഇവർ ഓടിമാറി രക്ഷപ്പെടുകയായിരുന്നു. റിഫാദ് ലീസിന് എടുത്ത പുരവഞ്ചിയാണ് ഇത്തരത്തിൽ അഗ്നിക്കിരയായത്.
ഇരുനിലകളിലായി മൂന്നുമുറികളുള്ളതും ശിതീകരിച്ചതുമായ (എ.സി) പുരവഞ്ചിയാണ് പൂർണമായും കത്തിനശിച്ചത്. ഈ സംഭവസ്ഥലത്തിന് സമീപത്തായി മറ്റ് പുരവഞ്ചികളും കിടപ്പുണ്ടായിരുന്നു.
എന്നാൽ തീ പടരുന്നതുകണ്ട് ഉടൻതന്നെ ഇവയുടെയെല്ലാം വടങ്ങൾ അഴിച്ച് സുരക്ഷിതമായി ദൂരേക്ക് മാറ്റിയതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. അപകടവിവരമറിഞ്ഞ് ആലപ്പുഴയിൽ നിന്ന് അഗ്നിരക്ഷാസേന റോഡ് മാർഗവും ബോട്ട് മാർഗവുമാണ് സംഭവസ്ഥലത്തേക്ക് എത്തിയത്.
എന്നാൽ റോഡ് മാർഗം എത്തിയ അഗ്നിരക്ഷാസേനയുടെ വാഹനം, അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരുടെ ഇരുചക്രവാഹനങ്ങൾക്കിടയിൽ കായൽത്തീര പ്രദേശത്ത് കുടുങ്ങിപ്പോകുകയായിരുന്നു. കൂടാതെ ഈ മേഖലയിൽ ആവശ്യത്തിന് വഴിവെളിച്ചമില്ലാത്തതും രക്ഷാപ്രവർത്തനത്തിന് ചെറിയ തോതിൽ തടസ്സമായി മാറിയിരുന്നു.
തുടർന്ന് ബോട്ടിലെത്തിയ അഗ്നിരക്ഷാസേന സംഘം വെള്ളം പമ്പ് ചെയ്താണ് തീയണച്ച് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. എന്നാൽ പുരവഞ്ചിക്ക് തീപിടിക്കാനുണ്ടായ യഥാർത്ഥ കാരണം എന്താണെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ലെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ പി പി പ്രശാന്ത്, മറ്റ് ഉദ്യോഗസ്ഥരായ ജസ്റ്റിൻ ജേക്കബ്, ഡാനി ജോർജ്, എച്ച് പ്രശാന്ത്, പത്മകുമാർ, എച്ച് അൻസിൽ, എം മനോജ്, ശ്യാംകുമാർ, അരുൺരാജ്, വിപിൻ എസ് ദത്ത് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

