വാഷിങ്ടൻ / ടെഹ്റാൻ: ഇറാന് കർശന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. “വലിയ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു” എന്നാണ് ഫോക്സ് ന്യൂസിനോടു അമേരിക്കൻ പ്രസിഡന്റ് ഞായറാഴ്ച പ്രതികരിച്ചത്.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള വ്യവസ്ഥകൾ ഇറാൻ യുഎസിന് മധ്യസ്ഥർ വഴി പങ്കുവെച്ചത് പരാമർശിച്ച ശേഷമാണ് ട്രംപിന്റെ ഈ പ്രതികരണം. ഇറാൻ യുദ്ധത്തിൽ നിർണായക തീരുമാനങ്ങൾ എടുക്കുന്ന അവസ്ഥയിലാണ് താനെന്ന് വ്യക്തമാക്കിയിട്ടുള്ള ട്രംപ്, രാജ്യത്തിന് മുന്നിലുള്ള വിവിധ നയങ്ങളും തുറന്നുകാട്ടി.
രാജ്യത്തെ നശിപ്പിക്കാനോ, സാമ്പത്തികമായി തകർക്കാനോ അല്ലെങ്കിൽ ഒരു നയതന്ത്ര പരിഹാരം കണ്ടെത്താനോ തനിക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ നിലവിലെ നയങ്ങളിൽ മാറ്റം വരുത്തിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.
അതേസമയം, യുഎൻ പൊതുസഭയിൽ പങ്കെടുക്കാനായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ അമേരിക്കയിലേക്ക് യാത്ര തിരിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റിനൊപ്പം ഒരു ഉയർന്ന തലത്തിലുള്ള പ്രതിനിധി സംഘവും ഉണ്ടാകുമെന്ന് ഇറാൻ വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു.
ഇറാൻ പ്രസിഡന്റുമായി ചർച്ചകൾ നടത്തുന്നതിനുള്ള സാധ്യതകളെയും ട്രംപ് പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടില്ല. പശ്ചിമേഷ്യൻ സംഘർഷത്തിന് അയവുവരുത്തുന്നതിനായി ഏഴ് നിബന്ധനകൾ മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് ഖത്തർ വഴി യുഎസിന് ഇറാൻ നേരത്തെ കൈമാറിയിരുന്നു.
എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ യുഎസ് പ്രസിഡന്റ് നിരസിച്ചാൽ കടുത്ത പോരാട്ടത്തിന് തയ്യാറാണെന്നും ഇറാൻ അറിയിച്ചിട്ടുണ്ട്. ഈ ഏഴ് നിബന്ധനകൾ എന്തൊക്കെയാണെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, പോരാട്ടം അവസാനിപ്പിക്കുക, മരവിപ്പിച്ച ഇറാൻ ഫണ്ടുകൾ തിരികെ നൽകുക, യുഎസ് നാവിക ഉപരോധം പിൻവലിക്കുക തുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങൾ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഫെബ്രുവരി 28 നാണ് യുഎസും ഇസ്രയേലും ചേർന്ന് ഇറാനെ ആക്രമിച്ചത്. ഈ വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉൾപ്പെടെയുള്ള നിരവധി പ്രമുഖ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

