സ്പാനിഷ് ലാ ലിഗയിലെ വാശിയേറിയ മാഡ്രിഡ് ഡെര്‍ബിയില്‍ അത്ലറ്റിക്കോ മാഡ്രിഡിന് വിജയം. പത്ത് പേരുമായി മത്സരം പൂര്‍ത്തിയാക്കിയ റയല്‍ മാഡ്രിഡിനെതിരെ 2-1 എന്ന ഗോള്‍ വ്യത്യാസത്തിലാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ വിജയം.
മത്സരത്തിലെ മുഴുവന്‍ ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. മത്സരത്തിന്റെ 52താം മിനുട്ടില്‍ റയല്‍ മാഡ്രിഡിന്റെ ഡിഫന്‍ഡര്‍ ഡീന്‍ ഹൂയിസന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതാണ് കളിയിലെ വഴിത്തിരിവായത്.
ബോക്സിനുള്ളില്‍ വെച്ച് ജൂലിയാനോ സിമിയോണിയെ ഫൗള്‍ ചെയ്തതിനാണ് താരത്തിന് നേരിട്ട് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ഒപ്പം അത്ലറ്റിക്കോക്ക് അനുകൂലമായി പെനാല്‍റ്റിയും വിധിച്ചു.
ഈ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അലക്സാണ്ട്രോ ഗ്രിമാല്‍ഡോ അത്ലറ്റിക്കോയെ മത്സരത്തില്‍ മുന്നിലെത്തിച്ചു. തുടര്‍ന്ന് 59താം മിനുട്ടില്‍ ജോനാഥന് ഡേവിഡിലൂടെ അത്ലറ്റിക്കോ തങ്ങളുടെ ലീഡ് ഇരട്ടിയാക്കി (2-0).
മത്സരത്തിന്റെ അവസാന ഘട്ടമായ 89താം മിനുട്ടില്‍ റൂഡിഗറിലൂടെ റയല്‍ മാഡ്രിഡ് ഒരു ഗോള്‍ മടക്കി എങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. ഈ പരാജയത്തോടെ 15 പോയിന്റുള്ള റയല്‍ മാഡ്രിഡ് പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയുമായി നിലവില്‍ ആറ് പോയിന്റിന്റെ വ്യത്യാസമാണുള്ളത്. അതേസമയം, 16 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.
മത്സരം നിയന്ത്രിച്ച റഫറി മിഗ്വേല്‍ ഏഞ്ചലിന്റെ തീരുമാനങ്ങള്‍ക്കെതിരെ റയല്‍ മാഡ്രിഡ് ടീമും ആരാധകരും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ആദ്യ പകുതിയില്‍ അത്ലറ്റിക്കോയുടെ രണ്ട് താരങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡ് ലഭിക്കേണ്ടതായിരുന്നുവെന്നും എന്നാല്‍ റയല്‍ താരത്തെ മാത്രം പുറത്താക്കാന്‍ റഫറി താത്പര്യം കാണിച്ചുവെന്നും റയല്‍ മാഡ്രിഡ് കുറ്റപ്പെടുത്തി.
ജൂഡ് ബെല്ലിംഗ്ഹാമിന്റെ കാല്‍മുട്ടില്‍ അപകടകരമായി ചവിട്ടിയ അത്ലറ്റിക്കോ ഡിഫന്‍ഡര്‍ ക്രിസ്റ്റ്യന്‍ റൊമേറോയ്ക്ക് വാര് പരിശോധനക്ക് ശേഷവും മഞ്ഞക്കാര്‍ഡ് മാത്രമാണ് നല്‍കിയത്. അതുപോലെ വെല്‍വര്‍ഡെയുടെ കണങ്കാലില്‍ ലീ കാംഗ് ചവിട്ടിയപ്പോഴും കടുത്ത നടപടി സ്വീകരിക്കാന്‍ റഫറി തയ്യാറായില്ല.
മത്സരശേഷം താരം ബെല്ലിംഗ്ഹാം റഫറിയോട് രൂക്ഷമായി പ്രതികരിച്ചിരുന്നു. മത്സരത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ അത്ലറ്റിക്കോ താരങ്ങള്‍ നടത്തിയ ഫൗളുകളുടെ ചിത്രങ്ങള്‍ സഹിതമാണ് റയല്‍ മാഡ്രിഡ് മാനേജര്‍ ഹൊസെ മൗറീഞ്ഞോ എത്തിയത്.
“നമുക്ക് വെറുതെ സംസാരിച്ച് സമയം കളയേണ്ടതില്ല. ഈ രണ്ട് ഫോട്ടോകളും ഡെര്‍ബി മത്സരത്തിന്റെ അന്തര്‍നാടകങ്ങള്‍ വ്യക്തമാക്കും” എന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
വലിയ മത്സരങ്ങള്‍ നിയന്ത്രിച്ച് പരിചയമില്ലാത്ത മിഗ്വേലിന് മാഡ്രിഡ് ഡെര്‍ബിയുടെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിഞ്ഞില്ലെന്നും മൗറീഞ്ഞോ വിമര്‍ശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

