മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ കോളേജിൽ നടന്നു വന്ന ഓണാഘോഷ പരിപാടികൾക്കിടയിൽ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ സഞ്ചരിച്ച കാറിൽ നിന്നാണ് ഒരു ഗ്രാം എംഡിഎംഎ എക്സൈസ് സംഘം കണ്ടെടുത്തത്.
പരിശോധനയ്ക്കായി എക്സൈസ് വാഹനം എത്തിയത് കണ്ട ഉടൻ തന്നെ വിദ്യാർഥികൾ വാഹനത്തിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു.
സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നു പേരെ പ്രതികളാക്കി എക്സൈസ് വകുപ്പ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ലഹരിക്കെതിരെ പുരോഗമിക്കുന്ന ‘ഓപ്പറേഷന് തൂഫാന്’ന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടത്തിയ വ്യാപക പരിശോധനകളിൽ 74 പേരെക്കൂടി അറസ്റ്റ് ചെയ്തു.
ഇതോടെ ഈ ദൗത്യത്തിന്റെ ഭാഗമായി ആകെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയി ഉയർന്നു. ഇതുവരെ സംസ്ഥാനത്താകെ 9,280 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
നടത്തിയ റെയ്ഡുകളിൽ ഇതുവരെ 8289.409 ഗ്രാം എം.ഡി.എം.എ-യും, 1004.784 കി.ഗ്രാം കഞ്ചാവും, 2382 കഞ്ചാവ് ചെടികളും അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. നിലവിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ലഹരി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് കോഴിക്കോട് സിറ്റിയിലാണ് (929 കേസുകൾ).
അതേസമയം, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത് മലപ്പുറം ജില്ലയിലാണ് (999 പേർ). കൂടാതെ 875 കേസുകൾ രജിസ്റ്റർ ചെയ്തുകൊണ്ട് മലപ്പുറം ജില്ല തന്നെയാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തും നിൽക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

