കേരള എക്സ്-സർവീസ്മെൻ ലീഗ് വെസ്റ്റ് കൊല്ലം യൂണിറ്റിന്റെ 44-ാമത് വാർഷികാഘോഷവും കുടുംബസംഗമവും വിപുലമായ പരിപാടികളോടെ നടന്നു. ജില്ലാ സൈനിക ക്ഷേമ ഓഫീസർ വിങ് കമാൻഡർ സന്തോഷ് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ജി. അരവിന്ദാക്ഷൻ നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മുൻസൈനികരുടെയും അവരുടെ ആശ്രിതരുടെയും ക്ഷേമത്തിനായി ജില്ലാ സൈനിക ക്ഷേമ ഓഫീസ് നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളെയും സേവനങ്ങളെയും കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ വിങ് കമാൻഡർ സന്തോഷ് വിശദീകരിച്ചു. ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ അർഹരായ എല്ലാവരിലേക്കും എത്തിക്കുന്നതിനും മുൻസൈനികരും വീരനാരികളും കുടുംബാംഗങ്ങളും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും സൈനിക ക്ഷേമ ഓഫീസിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
തിരുവനന്തപുരം സതേൺ എയർ കമാൻഡിലെ ഗ്രൂപ്പ് ക്യാപ്റ്റൻ സി. ജെ.
ചേതൻ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിച്ചു. ഇന്നത്തെ ഇന്ത്യൻ സായുധസേനയുടെ കരുത്തിനും നേട്ടങ്ങൾക്കും അടിത്തറ പാകിയത് മുൻതലമുറകളിലെ സൈനികരാണെന്നും അവരുടെ സേവനവും ത്യാഗവും ഒരിക്കലും വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സേവനത്തിലുള്ള സൈനികരും മുൻസൈനികരും തമ്മിലുള്ള ആത്മബന്ധവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തണമെന്നും മുൻസൈനികരുടെ അനുഭവസമ്പത്തും സംഭാവനകളും സായുധസേനയുടെ അമൂല്യമായ പൈതൃകമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. എയർഫോഴ്സ് അസോസിയേഷൻ കൊല്ലം ചാപ്റ്റർ സെക്രട്ടറി ടി.ഹരികൃഷ്ണൻ, കേരള എക്സ്-സർവീസ്മെൻ ലീഗിന്റെ ജില്ലാ, താലൂക്ക് തല ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

