ഇടുക്കി ജില്ലയിലെ അടിമാലി ശല്യംപാറയിൽ കുടുംബവഴക്കിനെ തുടർന്ന് ഉണ്ടായ കൊലപാതകത്തിൽ അനുജൻ കൊല്ലപ്പെട്ടു. ശല്യംപാറ സ്വദേശിയായ അനിൽ ആണ് ജേഷ്ഠൻ പ്രസാദിന്റെ കുത്തേറ്റ് മരണപ്പെട്ടത്.
മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കമാണ് ഒടുവിൽ ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. ഇവർ തമ്മിൽ മുൻപും വിവിധ വിഷയങ്ങളിൽ പ്രശ്നങ്ങളും വഴക്കുകളും ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സംഭവുമായി ബന്ധപ്പെട്ട് പ്രതിയായ പ്രസാദ് മുൻപ് മോഷണ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള വ്യക്തിയാണെന്ന് അധികൃതർ അറിയിച്ചു. ആശുപത്രിയിൽ പോയിരുന്ന ഭാര്യ തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ അനിൽ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസമയത്ത് വീട്ടിൽ മദ്യലഹരിയിൽ തുടർന്ന പ്രസാദിനെ വെള്ളത്തൂവൽ പൊലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു.

