ദൈനംദിന ജീവിതത്തിൽ സ്മാർട്ട്ഫോണിലെ ചെറിയ ക്രമീകരണങ്ങൾ പോലും പലപ്പോഴും നമ്മൾ മറന്നുപോകാറുണ്ട്. മീറ്റിംഗ് സമയത്ത് ഫോൺ സൈലൻസ് ചെയ്യാനോ ഡ്രൈവിംഗ് സമയത്ത് മ്യൂസിക് ആപ്പ് ഓപ്പൺ ചെയ്യാനോ വിട്ടുപോകുന്നത് തിരക്കുപിടിച്ച ദിവസങ്ങളിൽ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്.
ഈ ചെറിയ കാര്യങ്ങൾ ഓട്ടോമേറ്റ് ചെയ്യുക വഴി ഫോൺ ഉപയോഗം കൂടുതൽ ലളിതമാക്കാൻ സാധിക്കും. പല ആൻഡ്രോയിഡ് ഉപയോക്താക്കളും ഫോണിന്റെ സെറ്റിങ്സ് മെനുവിൽ ഒളിഞ്ഞിരിക്കുന്ന ഓട്ടോമേഷൻ ഫീച്ചറുകൾ ശ്രദ്ധിക്കാറില്ല.
ഇത്തരം കാര്യങ്ങൾക്കായി ടാസ്കർ (Tasker), മാക്രൊഡ്രോയിഡ് (MacroDroid) തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കാവുന്നതാണ്. സങ്കീർണ്ണമായ ടാസ്കറിന് പകരം എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് മാക്രൊഡ്രോയിഡ്.
ബാറ്ററി ലാഭിക്കുന്നതിനായി വീടിനു പുറത്തിറങ്ങുമ്പോൾ ടാപ്പ്-ടു-വേക്ക് ജെസ്ചർ ഓഫ് ചെയ്യുകയോ, വീട്ടിലിരിക്കുമ്പോൾ വൈഫൈ കണക്ടഡ് ആയിരിക്കെ മൊബൈൽ ഡാറ്റ ഓഫ് ചെയ്യുകയോ ഒക്കെ ചെയ്യുന്നത് പലപ്പോഴും നാം മറന്നുപോകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായാണ് മാക്രൊഡ്രോയിഡ് പ്രവർത്തിക്കുന്നത്.
പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന ഒരു അസിസ്റ്റന്റിനെ പോലെ ഉപയോക്താവിന്റെ ആവശ്യമുള്ള ജോലികൾ ഇത് തനിയെ ചെയ്ത് തരുന്നു. ട്രിഗർ (Trigger), ആക്ഷൻ (Action), കൺസ്ട്രെയിന്റ് (Constraint) എന്നീ മൂന്ന് ഘട്ടങ്ങളായാണ് മാക്രൊഡ്രോയിഡ് പ്രവർത്തിക്കുന്നത്.
ഉദാഹരണത്തിന് ജിയോഫെൻസിങ് ഉപയോഗിച്ച് വീടിന് പുറത്തിറങ്ങുമ്പോൾ വൈഫൈ ഓഫ് ചെയ്യാനും മൊബൈൽ ഡാറ്റ ഓൺ ചെയ്യാനുമുള്ള ട്രിഗർ സജ്ജമാക്കാം. പുതിയ ഉപയോക്താക്കൾക്കായി എളുപ്പത്തിൽ മാക്രോകൾ സെറ്റ് ചെയ്യാൻ സഹായിക്കുന്ന വിസാർഡും ഈ ആപ്പിലുണ്ട്.
കാറിൽ കയറുമ്പോൾ യൂട്യൂബ് മ്യൂസിക് ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യുക, മാപ്സ് തുറന്ന് ഓഫീസിലേക്കോ വീട്ടിലേക്കോ വഴി കാണിക്കുക, കലണ്ടറുമായി ബന്ധിപ്പിച്ച് മീറ്റിംഗ് സമയത്ത് ഫോൺ സൈലൻസ് ആക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് മാക്രൊഡ്രോയിഡ് ഉപയോഗിക്കാൻ സാധിക്കും. കൂടാതെ ഫോൺ ഒന്ന് കുലുക്കുമ്പോൾ ഫ്ലാഷ്ലൈറ്റ് തെളിയുന്ന തരത്തിലുള്ള രസകരമായ മാക്രോകളും ഇതിൽ സജ്ജീകരിക്കാം.
മാക്രൊഡ്രോയിഡിന്റെ സൗജന്യ പതിപ്പിൽ അഞ്ച് മാക്രോകൾ വരെ സജ്ജീകരിക്കാൻ സാധിക്കും. പരസ്യങ്ങൾ ഒഴിവാക്കുന്നതിനും പരിധിയില്ലാതെ മാക്രോകൾ ഉപയോഗിക്കുന്നതിനും ക്ലൗഡ് ബാക്ക് അപ്പ് ലഭിക്കുന്നതിനും പ്രീമിയം പതിപ്പ് ഉപയോഗിക്കാവുന്നതാണ്.
കൂടുതൽ സങ്കീർണ്ണമായ ഫീച്ചറുകൾ ആഗ്രഹിക്കുന്നവർക്ക് ടാസ്കർ പരീക്ഷിക്കാവുന്നതാണ്. ഫോണിലെ ചെറിയ കാര്യങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്നത് വഴി ദിവസേനയുള്ള അനാവശ്യ പ്രയത്നങ്ങളും തീരുമാനങ്ങളും ഒരുപരിധി വരെ ഒഴിവാക്കാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

