ഇടുക്കി ജില്ലയിലെ അടിമാലിയിൽ അൽഫാമിന്റെ അളവിനെച്ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. പാലക്കാട്ടുനിന്നും മൂന്നാർ സന്ദർശനത്തിനെത്തിയ 26 അംഗ വിനോദസഞ്ചാരികളുടെ സംഘമാണ് ഹോട്ടലിൽ അക്രമം നടത്തിയത്.
ഒരു സ്വകാര്യ ടൂർ ഓപ്പറേറ്റർ മുഖേനയായിരുന്നു ഇവരുടെ യാത്രയും ഭക്ഷണവും ക്രമീകരിച്ചിരുന്നത്. ഇതിന്റെ ഭാഗമായി രാത്രിഭക്ഷണത്തിനായി സംഘം അടിമാലിയിലെ ഹോട്ടലിലെത്തുകയായിരുന്നു.
മുൻകൂട്ടി ബുക്ക് ചെയ്ത അൽഫാം വിളമ്പിയതിൽ നാല് കഷ്ണങ്ങൾക്ക് പകരം ആറ് കഷ്ണങ്ങളാക്കി മുറിച്ചു നൽകിയെന്നാരോപിച്ച് സഞ്ചാരികൾ തർക്കം ആരംഭിക്കുകയായിരുന്നു. ഭക്ഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ടൂർ ഏജൻസിക്ക് പണം നൽകാൻ വിസമ്മതിച്ചതോടെ തർക്കം രൂക്ഷമായി.
ഇതിനിടയിൽ ഹോട്ടൽ ജീവനക്കാർ ഇടപെട്ടത് കയ്യാങ്കളിയിലേക്ക് നയിച്ചു. ആക്രമണത്തിൽ ഹോട്ടൽ സൂപ്പർവൈസർ നിഷാദിന് ഗുരുതരമായി പരിക്കേറ്റു.
ഇഷ്ടിക കൊണ്ടുള്ള അടിയേറ്റ ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാരും ചികിത്സയിലാണ്.
ഹോട്ടൽ അധികൃതരുടെ പരാതിയിൽ അരുൺ സോമൻ, അലി അക്ബർ, മുഹമ്മദ് റിയാസ് എന്നിവരെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ ബാക്കിയുള്ള വിനോദസഞ്ചാരികളെ മടങ്ങാൻ അനുവദിച്ചതായി അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

