തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ദേശീയ ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം നൽകി നടത്തിയ സാമ്പത്തിക തട്ടിപ്പുകേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഉടൻ ചോദ്യം ചെയ്യും.
കേസുമായി ബന്ധപ്പെട്ട് മാധ്യമസ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കുക. അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത നിർണായക രേഖകൾ ഇന്ന് കോടതിയിൽ ഹാജരാക്കും.
കൂടാതെ, പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കുന്നതിന് കോടതിയിൽ പ്രത്യേക അപേക്ഷയും സമർപ്പിക്കും. കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട
രേഖകളും മെമ്മറി കാർഡുകളുമാണ് റെയ്ഡിനിടയിൽ കണ്ടെടുത്തത്. നീണ്ട
20 മണിക്കൂർ നീണ്ടുനിന്ന പരിശോധനയിൽ 6300 അമേരിക്കൻ ഡോളറും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. തൃക്കാക്കര എ.സി.പി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ രാവിലെ ആറുമണിക്ക് ആരംഭിച്ച റെയ്ഡ് ഇന്ന് പുലർച്ചെ 2:30 ഓടെയാണ് അവസാനിച്ചത്.
കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മജിസ്ട്രേറ്റിന്റെ അനുമതിയോടെ ആന്റോ അഗസ്റ്റിന്റെയും സഹോദരങ്ങളുടെയും ചെമ്പുമുക്കിലുള്ള ഫ്ലാറ്റിലും പോലീസ് പരിശോധന നടത്തി.
ആന്റോയുമായി സാമ്പത്തിക ഇടപാടുകളുള്ളതായി സംശയിക്കുന്ന മാർക്കറ്റിംഗ് കമ്പനിയായ ‘ഗോഡ് ആഡ്’ ഓഫീസിലും റെയ്ഡ് നടന്നിട്ടുണ്ട്. പരിശോധനകൾ നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
അതേസമയം, മെസ്സിയുടെ കേരള സന്ദർശനത്തിന്റെ പേരിൽ നടന്ന തട്ടിപ്പിൽ എസ്.ഐ.ടി കേസ് രജിസ്റ്റർ ചെയ്തതോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പി.എം.എൽ.എ (PMLA) വകുപ്പുകൾ ചുമത്താനാണ് ഇ.ഡിയുടെ നീക്കം.
അനധികൃതമായി സമാഹരിച്ച പണം തട്ടിപ്പിനായി ഉപയോഗിച്ചുവോ എന്നും, അതുവഴി കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോ എന്നുമാണ് കേന്ദ്ര ഏജൻസി പരിശോധിക്കുന്നത്. നിലവിൽ വിദേശത്തേക്ക് ഫണ്ട് കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട
ബാങ്കിംഗ് ചട്ടങ്ങളുടെ ലംഘനം സംശയിച്ച് ഫെമ (FEMA) നിയമപ്രകാരമാണ് ഇ.ഡി കേസെടുത്തിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

