കണ്ണൂർ ജില്ലയിലെ തലശ്ശേരി എരഞ്ഞോളിയിലെ ഗേൾസ് ചിൽഡ്രൻസ് ഹോമിൽ നിന്ന് അന്തേവാസികളായ കുട്ടികൾ ഒളിച്ചോടുന്നത് ആവർത്തിക്കുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ സ്ഥാപനത്തിൽ നിന്ന് കാണാതായ നാല് പെൺകുട്ടികളെ പിന്നീട് എറണാകുളത്ത് നിന്ന് കണ്ടെത്തുകയുണ്ടായി.
എന്നാൽ തുടർച്ചയായി ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് സ്ഥാപനത്തിന്റെ നടത്തിപ്പിലെ ഗുരുതരമായ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. വീടുകളിൽ നിന്ന് ഇറങ്ങിപ്പോരുന്നവരും, ജോലിസ്ഥലങ്ങളിൽ നിന്ന് രക്ഷപ്പെട്ട് അലയുന്നവരും, മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ സംരക്ഷണമില്ലാത്തവരുമായ പെൺകുട്ടികൾക്ക് പതിനെട്ട് വയസ്സ് വരെ സംരക്ഷണം നൽകുന്നതിനായി സർക്കാർ തലത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.
എരഞ്ഞോളിപ്പാലത്തിന് സമീപമുള്ള ഈ കേന്ദ്രം ജില്ലയിലെ ഇത്തരത്തിലുള്ള ഏക സർക്കാർ സ്ഥാപനമാണ്. 2016-ൽ പ്രവർത്തനമാരംഭിച്ച ഇവിടെ നിലവിൽ ഇരുപത്തിയഞ്ച് കുട്ടികളാണുള്ളത്.
ജില്ലാ ശിശുവികസന സമിതി ഓഫീസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. കുടുംബപരമായ പ്രശ്നങ്ങൾ കാരണം വീട്ടിലെ അന്തരീക്ഷം അസഹനീയമാകുമ്പോഴാണ് കുട്ടികൾ അധികവും വീടുവിട്ടിറങ്ങുന്നത്.
വിവിധ പ്രതിസന്ധികൾ നേരിടുന്ന ഇവരെ പൊലീസ്, ശിശുക്ഷേമ സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ ഇടപെടലിലൂടെയാണ് ഈ കേന്ദ്രത്തിൽ എത്തിക്കുന്നത്. സ്ഥാപനത്തിൽ കുട്ടികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും അധികൃതർ ഒരുക്കുന്നുണ്ട്.
സമീപത്തെ വിദ്യാലയങ്ങളിൽ പോകുന്ന കുട്ടികൾക്കായി വാഹനസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്ലസ്ടുവിന് പഠിക്കുന്ന മുതിർന്ന കുട്ടികൾ സ്വകാര്യ ബസുകളിലാണ് സ്കൂളുകളിലേക്ക് പോകുന്നത്.
രാവിലെ അഞ്ചരയ്ക്ക് ആരംഭിക്കുന്ന കുട്ടികളുടെ ദിനചര്യകളിൽ പ്രാർത്ഥന, യോഗ, കൗൺസലിംഗ്, വിനോദ പ്രവർത്തനങ്ങൾ, സമീകൃതാഹാരം എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. നാല് സ്ഥിരം വനിതാ ജീവനക്കാരും കരാർ അടിസ്ഥാനത്തിലുള്ള ഒരു കെയർടേക്കറും ഉൾപ്പെടെ ആകെ അഞ്ച് ജീവനക്കാരാണ് ഇവിടെയുള്ളത്.
മുഴുവൻ സമയ വാച്ച്മാന്റെ സേവനവും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. 18 വയസ്സ് വരെയാണ് ഇവിടെ താമസം അനുവദിച്ചിട്ടുള്ളത്.
രേഖകളുടെ അടിസ്ഥാനത്തിൽ ബന്ധുക്കൾക്ക് കുട്ടികളെ തിരികെ നൽകുകയും ചെയ്യാറുണ്ട്. എല്ലാവിധ സൗകര്യങ്ങളും ലഭിക്കുന്നുണ്ടെങ്കിലും കുട്ടികൾ ഇവിടെനിന്ന് ചാടിപ്പോകുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്.
സാധാരണ കുട്ടികളിൽ നിന്ന് വ്യത്യസ്തമായ പശ്ചാത്തലവും നിയന്ത്രണങ്ങളോടുള്ള എതിർപ്പുമാകാം ഇത്തരം ഒളിച്ചോട്ടങ്ങൾക്ക് കാരണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ 1:30-ഓടെയാണ് ഹോം സൂപ്രണ്ട് ഉഷ തലശ്ശേരി പൊലീസിൽ പരാതി നൽകിയത്.
സ്റ്റാഫിന്റെ കൈവശമുള്ള താക്കോൽ ഉപയോഗിച്ച് ഗ്രിൽസ് തുറന്നാണ് കുട്ടികൾ പുറത്തു കടന്നത്. രാത്രി 12:30 വരെ കുട്ടികൾ ഇവിടെയുണ്ടായിരുന്നുവെന്നും പുലർച്ചെ നടത്തിയ പരിശോധനയിലാണ് നാല് പേരെ കാണാനില്ലെന്ന വിവരം അറിയുന്നത് എന്നും അധികൃതർ വ്യക്തമാക്കി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് എറണാകുളത്തെ മാളിൽ നിന്ന് കുട്ടികളെ കണ്ടെത്തിയത്. സംഘത്തിലുണ്ടായിരുന്ന ഒരു കുട്ടിയെ ഇതിനുമുൻപും കാണാതായിട്ടുണ്ടെന്നും, മറ്റൊരു കുട്ടി രണ്ട് ദിവസം മുൻപ് മാത്രമാണ് ഇവിടെയെത്തിയത് എന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

