ദില്ലി ജന്തർ മന്തറിൽ ഒരു കൂട്ടം യുവാക്കൾ ആരംഭിച്ച സിജെപി സമരം നിർണായകമായ രാഷ്ട്രീയ തലത്തിലേക്ക് കടക്കുന്നു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ വേദിയിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവർ എത്തിയതോടെ സമരക്കാരുടെ ആവേശം വർധിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ സി വേണുഗോപാൽ എന്നിവരും പ്രതിഷേധ പരിപാടികളിൽ പങ്കാളികളായി.
കൈകൾ കൂട്ടിക്കെട്ടി എംപിമാർ നടത്തിയ പ്രതിഷേധത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.
യുവജനങ്ങളുടെ ഭാവി സർക്കാർ നശിപ്പിച്ചെന്ന് ആരോപിച്ച രാഹുൽ ഗാന്ധി, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. യുവാക്കളെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ സിജെപി സമരത്തിന് പിന്തുണയുമായി ഇടതുപക്ഷ എംപിമാരും ജന്തർ മന്തറിലെത്തിയിരുന്നു. പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയ ഇടതുനേതാക്കൾ, കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം, ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകൾ വഴി സമരവേദിയിലേക്ക് വ്യാപകമായി സഹായങ്ങൾ എത്തുന്നുണ്ട്. ജന്തർ മന്തറിലെ സമരസ്ഥലത്തേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അഞ്ഞൂറിലധികം ഭക്ഷണപ്പൊതികൾ ഇതിനോടകം എത്തിച്ചേർന്നതായി വളണ്ടിയർമാരും ഡെലിവറി ജീവനക്കാരും അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

