കേരളത്തിലെ സ്വർണ വിപണിയിൽ വീണ്ടും വിലക്കയറ്റം. സംസ്ഥാനത്ത് സ്വർണം ഗ്രാമിന് 70 രൂപ വർധിച്ച് 13,220 രൂപയിലെത്തി.
പവന് 560 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വർണം ഒരു പവന് 1,05,760 രൂപ എന്ന നിരക്കിലായി.
പശ്ചിമേഷ്യയിൽ വെടിനിർത്തൽ ഉടനുണ്ടാകുമെന്ന സൂചനകളെത്തുടർന്ന് ക്രൂഡോയിൽ വിലയിലുണ്ടായ കുറവും, ഡോളറിന്റെ മൂല്യത്തിലുള്ള വ്യതിയാനവുമാണ് വിപണിയിൽ പ്രതിഫലിച്ചത്. മധ്യസ്ഥത വഹിച്ച പാക്കിസ്ഥാൻ തന്നെയാണ് ഇത്തവണയും വെടിനിർത്തൽ ചർച്ചകൾക്ക് മുൻകൈ എടുത്തിരിക്കുന്നത്.
അമേരിക്കൻ പണനയവും വിപണിയിലെ ആശങ്കകളും
ആഗോള സമ്പദ്വ്യവസ്ഥയിൽ ക്രൂഡോയിൽ വില വർധനവ് സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത്, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് ഉയർത്തിയേക്കുമെന്ന നിരീക്ഷണം ശക്തമാണ്. ഈ സാഹചര്യത്തിൽ, നിലവിലെ സ്വർണവിലയിലെ മുന്നേറ്റത്തിന് അധികകാലം ആയുസുണ്ടാകില്ലെന്ന അഭിപ്രായവും വിപണി വിദഗ്ധർ പങ്കുവെക്കുന്നു.
രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം
രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 35 ഡോളർ വർധിച്ച് 4,047 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഒരുഘട്ടത്തിൽ വില 4050 ഡോളർ വരെ ഉയർന്നിരുന്നു.
വിപണിയിലെ ട്രെൻഡ് തുടരുകയാണെങ്കിൽ വില 4110 ഡോളർ വരെ എത്താൻ സാധ്യതയുണ്ട്. എന്നാൽ, സാഹചര്യങ്ങൾ മാറിമറിഞ്ഞ് ക്രൂഡോയിൽ വിലയും ഡോളറും വീണ്ടും കരുത്താർജ്ജിച്ചാൽ സ്വർണവില 3950 ഡോളറിലേക്ക് ഇടിയാനും സാധ്യതയുണ്ടെന്ന് സാമ്പത്തിക നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ദിശ വ്യക്തമല്ലാത്തതിനാൽ വരുന്ന ദിവസങ്ങളിൽ വിപണിയിൽ വലിയ കയറ്റിറക്കങ്ങൾ പ്രതീക്ഷിക്കാം. വിവിധ വിഭാഗങ്ങളിലെ സ്വർണവില
കേരളത്തിലെ വിപണിയിൽ 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 55 രൂപ വർധിച്ച് 10,860 രൂപയായി.
14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപ ഉയർന്ന് 8465 രൂപയിലും, 9 കാരറ്റ് സ്വർണത്തിന് 30 രൂപ വർധിച്ച് 5460 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 235 രൂപയിൽ തുടരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

