കോട്ടയം നാഗമ്പടത്ത് മത്സ്യഫെഡിന്റെ നേതൃത്വത്തിൽ സീ ഫൂഡ് ഹോട്ടൽ ആരംഭിക്കാൻ കേന്ദ്ര ഓഫിസിന്റെ അനുമതിയില്ലാതെ ലക്ഷങ്ങൾ ചെലവഴിച്ച സംഭവത്തിൽ വകുപ്പ്തല അന്വേഷണം ആരംഭിച്ചു. 17 ലക്ഷം രൂപയാണ് ഹോട്ടൽ നിർമ്മാണത്തിനായി ഇതുവരെ വിനിയോഗിച്ചിരിക്കുന്നത്.
എന്നാൽ പദ്ധതി യാഥാർത്ഥ്യമാകാതിരുന്നതോടെ പൊതുഖജനാവിന് വൻ നഷ്ടമാണുണ്ടായിരിക്കുന്നത്. ഇതിന് പുറമെ, നേരത്തെ ലാഭകരമായി പ്രവർത്തിച്ചിരുന്ന ഫിഷ് ഗാലക്സി അക്വേറിയത്തിന്റെ പ്രവർത്തനവും ഇതോടെ നിലച്ചു.
കഴിഞ്ഞ സർക്കാർ ഭരണകാലത്ത് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് ആക്ഷേപമുണ്ട്. നഗരസഭയുടെ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന ഫിഷ് ഗാലക്സി അക്വേറിയം കെട്ടിടം സീ ഫൂഡ് റസ്റ്ററന്റാക്കി മാറ്റാനായിരുന്നു തീരുമാനം.
എന്നാൽ തിരുവനന്തപുരത്തെ മത്സ്യഫെഡ് ഹെഡ് ഓഫിസിൽ നിന്ന് ഇതിനായി ഔദ്യോഗിക അനുമതി ലഭിച്ചിരുന്നില്ല. കൂടാതെ, മറ്റ് ആവശ്യങ്ങൾക്ക് കെട്ടിടം ഉപയോഗിക്കരുതെന്ന നഗരസഭയുമായുള്ള കരാർ വ്യവസ്ഥ ലംഘിക്കപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു.
നഗരസഭയുടെ താൽക്കാലിക അനുമതി ലഭിച്ചുവെന്ന വാദമുയർത്തി നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു. കെട്ടിടത്തിന്റെ രൂപമാറ്റത്തിനായി 17 ലക്ഷം രൂപ ചെലവാക്കിയതിൽ 10 ലക്ഷം രൂപ കരാറുകാരന് കൈമാറുകയും ചെയ്തു.
ബാക്കി ഏഴ് ലക്ഷം രൂപയുടെ ബില്ലുകൾ സമർപ്പിച്ചെങ്കിലും ഹെഡ് ഓഫിസ് അത് തടഞ്ഞുവെക്കുകയായിരുന്നു. 2018-ലെ വെള്ളപ്പൊക്കത്തെത്തുടർന്ന് കേടുപാടുകൾ സംഭവിച്ചതോടെയാണ് ഫിഷ് ഗാലക്സി അക്വേറിയം അടച്ചുപൂട്ടിയത്.
തുടർന്ന് സീ ഫൂഡ് റസ്റ്ററന്റിനായി മൂന്ന് തവണ നഗരസഭയിൽ അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. കരാർ ലംഘനം ചൂണ്ടിക്കാട്ടി നഗരസഭ ഈ സ്ഥലം തിരിച്ചെടുക്കാൻ കഴിഞ്ഞയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ തീരുമാനമെടുത്തു.
നഗരസഭയുടെ ഈ നീക്കത്തോടെയാണ് ക്രമക്കേടുകൾ പുറത്തറിഞ്ഞത്. നിലവിൽ അക്വേറിയം പരിസരം വൃത്തിയാക്കി സ്ഥലം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളെ ചെറുക്കാൻ ജില്ലാ ഓഫിസ് അധികൃതർ ശ്രമിക്കുന്നുണ്ട്.
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ജില്ലാ ഓഫിസിന്റെ ഔദ്യോഗിക വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

