ചേർത്തലയിൽ മുൻകൂർ അറിയിപ്പില്ലാതെ നടത്തിയ ദേശീയപാത നിർമാണവും തുടർന്നുണ്ടായ പൈപ്പ് പൊട്ടലും മണിക്കൂറുകളോളം നീണ്ട ഗതാഗത സ്തംഭനത്തിന് വഴിവെച്ചു.
ദേശീയപാതയിലും ചേർത്തല എക്സ്റേ ജംക്ഷൻ റോഡിലും വാഹനങ്ങൾ കൂട്ടത്തോടെ കുടുങ്ങിയത് യാത്രക്കാരെ വലച്ചു. ഗതാഗതം പുനഃസ്ഥാപിക്കാൻ അധികൃതർ വാഹനങ്ങൾ നഗരത്തിനുള്ളിലൂടെ വഴി തിരിച്ചുവിട്ടെങ്കിലും, ഇടറോഡുകളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണുണ്ടായത്.
ഇന്നലെ രാവിലെ ചേർത്തല എക്സ്റേ ജംക്ഷന് തെക്കു ഭാഗത്തായി ദേശീയപാതയുടെ ഒരു ഭാഗത്ത് വാഹനഗതാഗതം തടസ്സപ്പെടുത്തി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെത്തുടർന്ന് ചേർത്തല നഗരത്തിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ട
വാഹനങ്ങൾ വഴിയിൽ കുടുങ്ങി. ഉച്ചയോടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും, വൈകുന്നേരം നിർമാണത്തിനിടെ ജപ്പാൻ ജലവിതരണ പൈപ്പ് പൊട്ടിയത് സ്ഥിതി വഷളാക്കി.
ഇതോടെ ആലപ്പുഴയിലേക്കുള്ള വാഹനങ്ങൾ എക്സ്റേ ജംക്ഷന് സമീപം പൂർണമായി തടയപ്പെട്ടു. ദീർഘദൂര ബസുകൾ, കണ്ടെയ്നറുകൾ, ഇന്ധനടാങ്കറുകൾ എന്നിവ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ മണിക്കൂറുകളോളം നിരത്തിൽ കിടന്നു.
വാഹനങ്ങൾ നഗരത്തിലെ കിഴക്കൻ റോഡുകളിലൂടെ വഴിതിരിച്ചു വിട്ടത് നഗരത്തിലെ ഉൾറോഡുകളിലും കടുത്ത ഗതാഗത പ്രതിസന്ധി സൃഷ്ടിച്ചു. സ്ഥലത്തെത്തിയ പൊലീസിന് വാഹനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാൻ ഏറെ പണിപ്പെടേണ്ടി വന്നു.
കണ്ടെയ്നറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡരികിൽ നിർത്തിയിട്ടത് കുരുക്ക് വർദ്ധിപ്പിച്ചു. വൈകിട്ടോടെ പൈപ്പിന്റെ അറ്റക്കുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

