കൊല്ലം ജില്ലയിലെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി ഏർപ്പെടുത്തിയ സൗജന്യയാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ വൻ വിജയത്തിലേക്ക്. പദ്ധതി ആരംഭിച്ചതിന് ശേഷമുള്ള കഴിഞ്ഞ അഞ്ച് ദിവസത്തെ കണക്കുകൾ പ്രകാരം, ജില്ലയിലെ വിവിധ ഡിപ്പോകളിൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പല കേന്ദ്രങ്ങളിലും യാത്രികരുടെ എണ്ണം ഇരട്ടിയോളമായി വർധിച്ചു. കൊല്ലം ഡിപ്പോയിലെ കണക്കുകൾ പ്രകാരം പദ്ധതി ആരംഭിച്ച 15-ാം തീയതി 12,804 ആയിരുന്ന വനിതാ യാത്രക്കാരുടെ എണ്ണം, 19-ാം തീയതി ആയപ്പോഴേക്കും 22,987 ആയി ഉയർന്നു.
ഈ ഇനത്തിൽ സർക്കാരിന് 20.02 ലക്ഷം രൂപയുടെ ബാധ്യതയാണ് ഉണ്ടായത്. കൊട്ടാരക്കര ഡിപ്പോയിൽ 15 മുതൽ 19 വരെയുള്ള അഞ്ച് ദിവസങ്ങളിൽ 2,07,338 സ്ത്രീകളാണ് സീറോ ടിക്കറ്റിൽ യാത്ര ചെയ്തത്.
ഇതിലൂടെ കെഎസ്ആർടിസിക്ക് ലഭിക്കേണ്ടിയിരുന്ന 35,10,052 രൂപയുടെ വരുമാനമാണ് സൗജന്യമായി മാറിയത്. കരുനാഗപ്പള്ളി ഡിപ്പോയിൽ 15-ന് 18,161 ആയിരുന്ന വനിതാ യാത്രക്കാരുടെ എണ്ണം തൊട്ടടുത്ത ദിവസങ്ങളിൽ 27,000-ത്തിന് മുകളിലെത്തി.
22.96 ലക്ഷം രൂപയാണ് ഇവിടെ സർക്കാരിന്റെ ചെലവ്. ചടയമംഗലം ഡിപ്പോയിൽ ഏകദേശം പതിനായിരത്തോളം സ്ത്രീകളുടെ സ്ഥിരം വർധനവാണ് രേഖപ്പെടുത്തിയത്.
പുനലൂർ ഡിപ്പോയിൽ 33 ഓർഡിനറി ബസുകളിലായി അഞ്ച് ദിവസം കൊണ്ട് 70,004 സൗജന്യ ടിക്കറ്റുകൾ വിതരണം ചെയ്തു. ചാത്തന്നൂർ ഡിപ്പോയിൽ അഞ്ച് ദിവസത്തിനിടെ 1,00,738 സ്ത്രീകൾ യാത്ര ചെയ്തു.
പദ്ധതിക്ക് മുൻപ് പ്രതിദിനം 15,000 സ്ത്രീകൾ യാത്ര ചെയ്തിരുന്ന സ്ഥാനത്താണിത് ഈ വർധന. കുളത്തൂപ്പുഴ ഡിപ്പോയിൽ 14.18 ലക്ഷം രൂപയുടെ സീറോ ടിക്കറ്റുകൾ വിതരണം ചെയ്യുമ്പോൾ, ആര്യങ്കാവ് മേഖലയിൽ 11 ഓർഡിനറി ബസുകൾ വഴി 15-ാം തീയതി 56,000 രൂപയുടെ സീറോ ടിക്കറ്റ് വിറ്റഴിച്ചിടത്ത് 19-ാം തീയതി അത് 79,000 രൂപയായി വർധിച്ചു.
പത്തനാപുരം ഡിപ്പോയിലെ 51 ബസുകളിലായി ഈ അഞ്ച് ദിവസങ്ങളിൽ 12.65 ലക്ഷം രൂപയുടെ സൗജന്യയാത്രയാണ് രേഖപ്പെടുത്തിയത്. പദ്ധതിക്ക് ലഭിക്കുന്ന സ്വീകാര്യത വരും ദിവസങ്ങളിലും തുടരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

