അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം കൂടുതൽ ശക്തമാക്കുന്നു. ക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകളിൽ വലിയ തോതിൽ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ നൽകുന്ന സൂചന.
ക്ഷേത്രത്തിൽ നിന്ന് ലഭിച്ച 60 കിലോ വെള്ളിക്കട്ടികൾ കാണാതായെന്ന വിവരമാണ് അന്വേഷണ സംഘം (SIT) പുറത്തുവിട്ടിരിക്കുന്നത്. പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് സമർപ്പിച്ച വിലപിടിപ്പുള്ള വസ്തുക്കളാണ് കാണാതായിരിക്കുന്നത്.
ഏകദേശം 200 കോടി രൂപയുടെ തിരിമറി നടന്നതായിട്ടാണ് പ്രാഥമിക നിഗമനം. സ്വർണം, വെള്ളി, വജ്രം തുടങ്ങിയ അമൂല്യ വസ്തുക്കൾ ഇതിൽ ഉൾപ്പെടുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ജീവനക്കാരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിലൊരാളുടെ വീട്ടിൽ നിന്ന് 20 ലക്ഷം രൂപയും കണ്ടെടുത്തു.
ജീവനക്കാർക്ക് പുറമേ സംഭവത്തിൽ മറ്റ് ഉന്നതർക്കും പങ്കുണ്ടോയെന്ന കാര്യവും പരിശോധനയുടെ ഭാഗമാണ്. അതിനിടെ, ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിട്ടേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ നിന്ന് വിഎച്ച്പി നേതാവും ജനറൽ സെക്രട്ടറിയുമായ ചമ്പത് റായിയെ മാറ്റിനിർത്തിയത് ഇതിന്റെ സൂചനയായി രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു. ലഖ്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത് നയിക്കുന്ന മൂന്നംഗ സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തിയ സംഘം എട്ട് മണിക്കൂറിലധികം നീണ്ടുനിന്ന പരിശോധനയാണ് നടത്തിയത്. ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തുറക്കുന്നത് മുതൽ പണം ബാങ്കിൽ നിക്ഷേപിക്കുന്നത് വരെയുള്ള നടപടിക്രമങ്ങൾ സംഘം അതീവ സൂക്ഷ്മമായി പരിശോധിച്ചു.
സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

