സമൂഹമാധ്യമങ്ങൾ വഴി അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ യൂട്യൂബർ നിഹാദ് (തൊപ്പി) എതിരെ നിയമനടപടികൾ സ്വീകരിച്ചു. എറണാകുളം റൂറൽ സൈബർ പൊലീസ് ആണ് ഇയാൾക്കെതിരെ ഐടി നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. സുഹൃത്തുക്കളുടെ ദൃശ്യങ്ങൾ അവരുടെ അനുവാദമില്ലാതെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതാണ് കേസിനാസ്പദമായ സംഭവം.
സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ, നിഹാദിനും ഇയാളുടെ സുഹൃത്തുക്കൾക്കുമെതിരെ സമഗ്ര അന്വേഷണം നടത്താൻ നേരത്തെ ഉത്തരവിട്ടിരുന്നു. പോക്സോ കേസുകൾ, ലഹരിമരുന്ന് ഉപയോഗം (എംഡിഎംഎ), ശാരീരികവും മാനസികവുമായ പീഡനങ്ങൾ, അശ്ലീല പ്രചാരണം, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഇവർക്കെതിരെ ഉയർന്നിട്ടുള്ളത്.
യൂട്യൂബറും സുഹൃത്തുക്കളും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ് പരസ്പരം ആരോപണങ്ങളുമായി ഇവർ രംഗത്തെത്തിയത്. സുഹൃത്തുക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്ഫോമുകൾ വഴി നിഹാദ് പ്രചരിപ്പിക്കുകയായിരുന്നു.
ഇതിനു പകരമായി, നിഹാദ് ലഹരിമരുന്ന് കൈവശം വെച്ചതായും പ്രായപൂർത്തിയാകാത്ത കുട്ടികളോട് ലൈംഗികാതിക്രമം കാട്ടിയതായും സുഹൃത്തുക്കൾ ആരോപണം ഉന്നയിച്ചു. ഇത്തരം ആരോപണ-പ്രത്യാരോപണങ്ങൾ നിറഞ്ഞ ലൈവ് വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായതോടെയാണ് നിയമപരമായ പരാതി ഉയർന്നത്.
ലക്ഷക്കണക്കിന് പ്രായപൂർത്തിയാകാത്ത കുട്ടികൾ നിഹാദിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളെ പിന്തുടരുന്നുണ്ടെന്നത് ഗൗരവകരമായാണ് അധികൃതർ വിലയിരുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

